Thiruvambady

മഴയെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് കാർഷിക പഠന യാത്രയ്ക്ക് ജംബോ സംഘം

തിരുവമ്പാടി: മഴയെ അവഗണിച്ച് കണ്ണൂരിൽ നിന്നുള്ള 82 അംഗ സംഘം കാർഷിക പഠന യാത്രയ്ക്കായി തിരുവമ്പാടി മേഖലയിലെത്തി. കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിലെ വിവിധ കേന്ദ്രങ്ങളാണ് സംഘം സന്ദർശിച്ചത്.

കോടഞ്ചേരി കുമ്പിളുങ്ങിലെ സണ്ണി മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള ഏഡൻ ഗാർഡൻ, കണ്ണോത്ത് പ്രവർത്തിക്കുന്ന തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, നെല്ലിപ്പൊയിലിലെ വികാസിന്റെ ഉടമസ്ഥതയിലുള്ള വിങ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് തുടങ്ങിയ കേന്ദ്രങ്ങൾ കാർഷിക പഠന സംഘങ്ങളുടെ ശ്രദ്ധ നേടുന്നുണ്ട്.

കണ്ണൂർ ബ്ലോക്കിലെ കണ്ണൂർ, പള്ളിക്കുന്ന് കൃഷിഭവനുകളിൽ നിന്നുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. കൃഷി ഓഫീസർ ദിൽഷ ചന്ദ്രൻ, ഹരീഷ് കെ, അനീഷ കുമാരി കെ.വി, ധന്യ പി.വി, ജോൺ എസ്, ഷിംന എന്നിവർ സംഘത്തിന് നേതൃത്വം നൽകി.

തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, കാഫ്റ്റ് കോ-ഓർഡിനേറ്ററും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡന്റുമായ അജു എമ്മാനുവൽ എന്നിവർ ചേർന്ന് പഠന സംഘത്തെ സ്വീകരിക്കുകയും ആവശ്യമായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു.

ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിൽ പുതുമയും ആകർഷകത്വവുമുള്ള കൂടുതൽ ഫാം ടൂറിസം കേന്ദ്രങ്ങൾ കൂട്ടിച്ചേർത്ത് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പഠന യാത്രകൾക്ക് പ്രാധാന്യം ലഭിക്കുന്നത്.

Related Articles

Leave a Reply

Back to top button