Thiruvambady

ഇ.എസ്.എ. പരിധിയിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ.) നിശ്ചയിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഏഴാമത് കരട് റിപ്പോർട്ടിലും ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഭയപ്പാടിലും ആശങ്കയിലുമാണെന്നും ഇത് പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ പരിസ്ഥിതി ലോല പ്രദേശത്ത് ഉൾപ്പെട്ട ഓരോ വില്ലേജുകളെയും ഒറ്റ യൂണിറ്റായി കണക്കാക്കുന്നതിന് പകരം, വില്ലേജുകളിലെ വനമേഖല മാത്രം ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണ്ണമായും ഇ.എസ്.എ. പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും നിലവിലുള്ള ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഭാവിയിൽ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തരുതെന്നും കമ്മിറ്റി വ്യക്തമാക്കി.
ഇതനുസരിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ പ്രസ്താവനയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്തു.

അതേസമയം, ഇ.എസ്.എ. വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. നടത്തുന്ന രാപ്പകൽ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലം ഈ സംസ്ഥാനത്ത് അധികാരത്തിൽ ഇരുന്നിട്ടും ജനവാസമേഖലകളെയും, കൃഷിയിടങ്ങളെയും ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കാൻ ഒന്നും ചെയ്യാൻ കഴിയാത്തത്തിലുള്ള കുറ്റബോധം മറച്ചു പിടിക്കാൻ ആണ്‌ ഇപ്പോൾ ഇത്തരം സമരപരിപാടികളുമായി രംഗത്തിറങ്ങിയതെന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി.

ഡി.സിസി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സുന്ദരൻ എ. പ്രണവം അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിതിൻ പല്ലാട്ട്, തിരുവമ്പാടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി ചെയർമാൻ ടി. ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button