Mukkam

അന്താരാഷ്ട്ര വയോജനദിനം: മുക്കം നഗരസഭയിൽ വേറിട്ട ആഘോഷമായി

മുക്കം: അന്താരാഷ്ട്ര വയോജനദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി വേറിട്ടതും മാതൃകാപരവുമായ പരിപാടികൾ സംഘടിപ്പിച്ച് മുക്കം നഗരസഭ. ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ വയോജനങ്ങൾക്കായി പ്രത്യേക സിനിമാ പ്രദർശനം നടത്തി.
മുക്കം പി.സി. ടാക്കീസിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ നിന്നായി മുന്നൂറോളം വയോജനങ്ങൾ സിനിമാപ്രദർശനം കാണാനെത്തി. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടി ഉണ്ണിമായ നാലപ്പാട്ട് വയോജനങ്ങൾക്കൊപ്പം മുഖ്യാതിഥിയായി സിനിമ കാണാനെത്തിയത് ഏറെ ആഹ്ലാദകരമായ അനുഭവമായി.

വയോജനങ്ങളുടെ മാനസികോല്ലാസവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നഗരസഭ ഇത്തരമൊരു വേറിട്ട ആശയം നടപ്പിലാക്കിയതെന്നും വയോജനങ്ങൾക്കായി തുടർന്നും വിവിധ ക്ഷേമ-വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി അറിയിച്ചു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. കെ. പി സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, റാഷിദ് കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുസ്മിത, വയോജന ക്ഷേമസമിതി ഭാരവാഹികളായ കരണങ്ങാട്ട് ഭാസ്കരൻ, കെ. ബാലൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button