കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ്; ഒക്ടോബർ 11-ന് ബോധവൽക്കരണ യോഗം

തിരുവമ്പാടി: സമൂഹത്തിൽ രോഗത്താലും അവശതയാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മികച്ച പരിചരണവും സാന്ത്വനവും ഉറപ്പാക്കുന്നതിനായി തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ ആവശ്യപ്പെടുന്ന സഹജീവികൾക്ക് താങ്ങാവുക, അവർക്ക് മികച്ച ചികിത്സയും മാനസിക പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.
പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനപരിചയമുള്ള, നിസ്വാർത്ഥ സേവനങ്ങളിലൂടെ കാരുണ്യത്തിൻ്റെ മാതൃക തീർത്ത പാലിയേറ്റീവ് ശൃംഖലയായ ‘ഗ്രേസ് പാലിയേറ്റീവ് കെയറി’-ന്റെ സഹകരണത്തോട് കൂടിയാണ് ഈ സംരംഭം തിരുവമ്പാടിയിലും നടപ്പിലാക്കുന്നത്.
ഈ ജീവകാരുണ്യ സംരംഭത്തിന്റെ മുന്നോടിയായി, യൂണിറ്റ് രൂപീകരണ യോഗവും പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസും 2026 ഒക്ടോബർ 11-ന് ഉച്ചയ്ക്ക് 2 മണിക്ക് താഴെ തിരുവമ്പാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടക്കും. ഗ്രേസ് പാലിയേറ്റീവ് കെയർ ചെയർമാൻ ഷെരീഫുദ്ദീൻ മാഷ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും.
കിടപ്പുരോഗികളുടെ കണ്ണീരൊപ്പാനുള്ള ഈ കൂട്ടായ ശ്രമത്തിൽ നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ചെയർമാനുമായി ബന്ധപ്പെടുക.







