രസധാര 2K26; വേളംകോട് സെന്റ് ജോർജ്സിൽ കലോത്സവം അരങ്ങേറി

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾക്ക് വേദിയൊരുക്കി ‘രസധാര 2K26’ കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും നൃത്താവിഷ്കാരങ്ങളും വേദിയെ വർണാഭമാക്കി.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസിന്റെ അധ്യക്ഷതയിൽ പ്രമുഖ നൃത്താധ്യാപികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദീപാ റാണി ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ കാലഘട്ടം മുതൽ നൃത്തത്തെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും കലയിലൂടെ സന്തോഷം കണ്ടെത്താൻ സമയം കണ്ടെത്തുന്നുവെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നത് ജീവിതത്തെ കൂടുതൽ ആനന്ദകരവും അർത്ഥപൂർണവുമാക്കുമെന്നും ഓരോരുത്തരും തങ്ങളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു. തുടർന്ന് സ്വന്തം നൃത്താവിഷ്കാരത്തിലൂടെ വേദിയിലെത്തിയ ടീച്ചർ വിദ്യാർത്ഥികൾക്ക് ആവേശവും പ്രചോദനവുമായി.
മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ്മ എസ്.ഐ.സി., ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി സ്മിത കെ., സ്കൂൾ ലീഡർ നീവ് എസ്. എബ്രഹാം എന്നിവർ ഏവർക്കും ആശംസകൾ നേർന്നു.വിദ്യാർത്ഥികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ആർട്സ് കോർഡിനേറ്റർ റാണി ആൻ ജോൺസൺ നന്ദി രേഖപ്പെടുത്തി. അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ നേതൃത്വവും സഹകരണവും കൾച്ചറൽ ഡേ ഏവർക്കും മികവാർന്ന അനുഭവവേദിയാക്കി മാറ്റി.







