Mukkam

ജില്ലാ കലാമേള: പ്ലാസ്റ്റിക് വിമുക്ത മുക്കത്തിനായി ഗ്രീൻ പ്രൊട്ടോക്കോൾ കമ്മിറ്റി

മുക്കം: ‘ഇരുവഞ്ഞിയോരത്ത് ‘ എന്ന തലക്കെട്ടിൽ നവം. 28, 30 ഡിസംബർ 1, 2,3 തിയതികളിലായി മുക്കത്ത് നടക്കുന്ന 65 -ാമത് ജില്ലാ സ്കൂൾ കലാമേളയെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമായ പരിപാടിയാക്കി മാറ്റുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപം നൽകി.

കലാമേളയുടെ പ്രധാന വേദിയായ മുക്കം ഓർഫനേജ് സ്കൂളിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.കലാമേളയുടെ എല്ലാ വേദികളിലും ഗ്രീൻ റൂമുകളിലും ശുചിത്വ മിഷന്റെ സഹായത്തോടെ ഭക്ഷണാവശിഷ്ടങ്ങൾക്കും മറ്റു മാലിന്യങ്ങൾക്കുമായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കും. മുക്കം നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും ആരോഗ്യവിഭാഗം, ഹരിതകർമസേന എന്നിവരുടെ സഹകരണത്തോടെ കലാമേള നടക്കുന്ന ക്യാമ്പസുകൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

മുക്കം നഗരസഭയുടെ സഹകരണത്തോടെ നഗരത്തിലെ പ്രധാന ഭാഗത്ത് ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് പരിസ്ഥിതി സന്ദേശം നൽകുന്ന ഇൻസ്റ്റലേഷൻ സ്ഥാപിക്കും. വിവിധ കമ്മിറ്റികൾക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ വിത്തുപേനകൾ സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കും. ബോധവത്കരണ സന്ദേശ വീഡിയോകൾ പുറത്തിറക്കും.നവംബർ 28-ന് മുക്കം ഓർഫനേജ് സ്കൂളിൽ തെങ്ങോലക്കൊട്ട നിർമ്മാണ മത്സരം സംഘടിപ്പിക്കും.

മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ മുഹമ്മദ് ഷനൂദ് അധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ അമ്പിളി, ആശാ തോമസ്, സംഘടനാ പ്രതിനിധികളായ അബ്ദുൽ ലത്തീഫ്, എൻ.പി.എ. കബീർ, ടി കെ ജുമാൻ, വി മുജീബ്, ഷാഹുൽ ഹമീദ്, മുക്കം ഓർഫനേജ് സ്കൂൾ പ്രിൻസിപ്പൽ നന്ദൻ, ഹൈസ്കൂൾ പ്രധാനധ്യാപിക എം ഷബീന സംസാരിച്ചു. കോ- കൺവീനർ എം പി ഫാസിൽ സ്വാഗതവും ജോയിന്റ് കൺവീനർ റുക്ഷാന നന്ദിയും പറഞ്ഞു.ഫോട്ടോ: ജില്ല കലാമേള ഗ്രീൻ പ്രൊട്ടോക്കോൾ കമ്മറ്റി യോഗം മുക്കം നഗരസഭ കൗൺസിലർ റാഷിദ് കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Back to top button