ഇരുവഞ്ഞിയോരത്ത് കൗമാര കലോത്സവത്തിന് 28ന് തിരശ്ശീല ഉയരും

മുക്കം: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 28 മുതൽ ഡിസംബർ മൂന്ന് വരെ മുക്കത്തെ 22 വേദികളിലായി നടക്കും. ‘ഇരുവഞ്ഞിയോരത്ത്’ എന്ന് പേരിട്ടിരിക്കുന്ന കലാമാമാങ്കത്തിൽ ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി പതിമൂവായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.
മുക്കം എം.കെ.എച്ച്.എം.എം. ഓർഫനേജ് സ്കൂൾ ക്യാമ്പസാണ് പ്രധാന വേദി.കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ജാഥ നവംബർ 27-ന് വൈകിട്ട് 3.30-ന് മുക്കം ചർച്ചിന് സമീപത്തുനിന്ന് ആരംഭിച്ച് പ്രധാന വേദിയായ ഓർഫനേജ് സ്കൂളിൽ സമാപിക്കും. തുടർന്ന് വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.കെ. കാസിം എം.എൽ.എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാകും. മുക്കം നഗരസഭാധ്യക്ഷ അഡ്വ. കെ.പി. ചാന്ദ്നി കലോത്സവ സന്ദേശം നൽകും.
കലോത്സവ ലോഗോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ചടങ്ങിൽ മൊമന്റോ നൽകി ആദരിക്കും. മത്സരത്തിൽ വിജയിയായ മർക്കസ് ഗേൾസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റജ നൗറിന് ക്യാഷ് അവാർഡ് സമ്മാനിക്കും.നവംബർ 28-നാണ് സ്റ്റേജിതര മത്സരങ്ങൾ നടക്കുന്നത്. സംസ്കൃത കലോത്സവം മുക്കം ഹയർസെക്കൻഡറി സ്കൂളിലും, അറബിക് കലോത്സവം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും, ബാൻഡ് മേള മത്സരം ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും അരങ്ങേറും.ഓർഫനേജ് സ്കൂൾ ഓഡിറ്റോറിയം കെട്ടിടത്തിൽ സജ്ജീകരിച്ച പാചകപ്പുരയിലെ പാലുകാച്ചൽ നവംബർ 27-ന് വൈകിട്ട് 3.30-ന് സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പ്രതിദിനം പതിനായിരം പേർക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി കലോത്സവ സുവനീർ പ്രകാശനം ചെയ്യും.വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.കെ. കാസിം എം.എൽ.എ, ജനറൽ കൺവീനറും കോഴിക്കോട് ഡി.ഡി.ഇയുമായ വി. അനിത, മുക്കം നഗരസഭാധ്യക്ഷ അഡ്വ. കെ.പി. ചാന്ദ്നി, ജില്ലാ പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ അംഗം മിസ്ഹബ് കീഴരിയൂർ, മുക്കം എ.ഇ.ഒ ടി. ദീപ്തി, മീഡിയ കൺവീനർ അഷ്റഫ് ലെക്കേടത്ത്, വിവിധ ഉപസമിതി ചെയർമാന്മാർ, കൺവീനർമാർ എന്നിവർ പങ്കെടുത്തു.







