India

വിമാനം അണുവിമുക്തമാക്കാൻ ഇനി റോബോട്ടുകൾ : യുവി റോബോട്ടിക് ടെക്‌നോളജി ഉപയോഗിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി : വിമാനത്തിന്റെ ഇന്റീരിയറുകൾ അണുവിമുക്തമാക്കുന്നതിനായി റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. അൾട്രാവൈലറ്റ്(യുവി) റോബോട്ടിക് ഉപകരണമാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോയിംഗ് 737-800 എയർക്രാഫ്റ്റ് അണുവിമുക്തമാക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായാണ് വിമാനങ്ങൾ വൃത്തിയാക്കുന്നതിന് വേണ്ടി റോബോട്ട് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വർദ്ധിച്ചുവരികയും വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനങ്ങൾ അണുവിമുക്തമാക്കാനായി റോബോട്ടുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. വൈറസുകളെ നശിപ്പിക്കാനും ശുചീകരണം നടത്താനും ശേഷിയുള്ള യുവി ഡിസിൻഫക്ടന്റ് ലാമ്പാണ് ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

വിമാനത്തിന്റെ സീറ്റുകൾ, അണ്ടർ സീറ്റ് ഏരിയ, ഓവർഹെഡ് ബാഗേജ് കംപാർട്ട്‌മെന്റ്, സീലിംഗ്, വിൻന്റോ പാനൽ, കോക്ക് പിറ്റ് ഇൻസ്ട്രുമെന്റേഷൻ ഏരിയ, സ്വിച്ച് പാനൽ എന്നിങ്ങനെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമാണ് ഉപകരണം രൂപകൽപന ചെയ്തിരിക്കുന്നത്. മടക്കാനും നിവർത്താനും സാധിക്കുന്ന കൈകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഏത് കോണിലും എത്തി ശുചീകരണം ചെയ്യാൻ സാധിക്കും.

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ആണ് ഉപകരണത്തിന്റെ ഉപയോഗത്തിന് അംഗീകാരം നൽകിയത്. ഇനി വിമാനങ്ങൾ അണുവിമുക്തമാക്കുന്നതിനായി മനുഷ്യസഹായം ആവശ്യമില്ല. ഈ സാങ്കേതിക വിദ്യ മറ്റ് വിമാന സർവ്വീസുകളിലും ഉപയോഗിക്കാൻ പദ്ധതിയുള്ളതായി എയർ ഇന്ത്യ അറിയിച്ചു.

Related Articles

Leave a Reply

Back to top button