കോഴിക്കോട്-കൊല്ലെഗൽ ദേശീയ പാതാ റീടാറിങ് പ്രവർത്തിയിൽ അഴിമതിയെന്ന് ആരോപണം; വിജിലൻസിന് പരാതി നൽകാൻ ഒരുങ്ങി നാട്ടുകാർ

താമരശ്ശേരി: ദേശിയ പാതാ 766ൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം വരെയുള്ള റീടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ പലയിടങ്ങളിലും റോഡ് തകർന്ന നിലയിലാണുള്ളത്. ടാറിങ് പൂർത്തിയായ ഉടനെ തകർച്ച ശ്രദ്ധയിൽ പെടുകയും ഇത്തരം സ്ഥലങ്ങളിൽ ടാറിംഗ് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്ത് മിനുക്കുപണി നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് റോഡിൻ്റെ മറ്റു ഭാഗങ്ങൾ വ്യാപകമായി തകരുന്നത് ശ്രദ്ധയിൽ പെടുന്നത്.
ഉദ്യോഗസ്ഥരും കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസും ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമായി ഗുണനിലവാരം കുറഞ്ഞ പ്രവർത്തി നടക്കുന്നതിനാലാണ് ചുരുങ്ങിയ ദിവസങ്ങൾക്കകംതന്നെ റോഡ് തകരാൻ കാരണമാവുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. റോഡുപണിയിലെ അഴിമതി സംബന്ധിച്ച് വിശദമായ അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ നവാസ് പ്ലാപ്പറ്റയുടെ നേതൃത്വത്തിൽ വിജിലൻസിന് പരാതി നൽകാൻ തയ്യാറെടുത്തിരിക്കുകയാണ് നാട്ടുകാർ.
കാരാറുകാരായ നാഥ് കൺസ്ട്രക്ഷൻസിനെതിരെ നേരത്തെയും ആരോപണം ഉയർന്നിരുന്നു. അടിയന്തിരമായി ഗുണനിലവാര പരിശോധന നടത്തണമെന്നും അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നാട്ടുകാർ പരാതി സമർപ്പിച്ചു.






