Kodanchery

വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി

കോടഞ്ചേരി : കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മുള്ളൻ പന്നി തുടങ്ങിയ വന്യ ജീവികളുടെ ആക്രമണം മൂലം കനത്ത ദുരിതത്തിലാണ് മലയോര ജനത. ഭക്ഷ്യ വിളകളും നാണ്യ വിളകളും ഒരുപോലെ വന്യമൃഗ ആക്രമണത്തിന് ഇരയാകുന്നു. നിരവധി മനുഷ്യരും വന്യമൃഗ ആക്രമണത്തിന് ഇരയായിക്കഴിഞ്ഞു.

ധൈര്യമായി വീടിന് പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലാണ് മലയോരവാസികൾ.മലയോരത്തിനപ്പുറം മാവൂർ, താമരശ്ശേരി പോലുള്ള സമതല പ്രദേശങ്ങളും കാട്ടുപന്നി ആക്രമണങ്ങൾ നേരിട്ടുകഴിഞ്ഞു. കാട്ടുപന്നിയുടെയും കുരങ്ങിന്റെയും നിരന്തരാക്രമണം മൂലം കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥാവിശേഷമാണ് സംജാതമായിരിക്കുന്നത്. പച്ചക്കറിയടക്കമുള്ള ഭക്ഷ്യ വിളകളും ഇടവിള കൃഷികളും മലയോര കർഷകർ ഉപേക്ഷിച്ച് കഴിഞ്ഞു.

ഇത് നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണ്.ഏറ്റവുമധികം വംശവർദ്ധന സ്വഭാവമുള്ള വന്യജീവിയാണ് കാട്ടുപന്നി. അതുകൊണ്ട് തന്നെ കാട്ടുപന്നിയെയും കുരങ്ങിനെയും കൃഷിഭൂമിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനായി, അവയെ സംരക്ഷിത മൃഗ പട്ടികയിൽ നിന്നും ഒഴിവാക്കി, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നും, കാട്ടാന ആക്രമണം തടയാനായി വനാതിർത്തികളിൽ സോളാർ വേലികളും ജൈവവേലികളും സ്ഥാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം 15-02-2021 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ മെമ്പറായ ബോസ് ജേക്കബ് അവതരിപ്പിക്കുകയും വിശദമായ ചർച്ചകൾക്കു ശേഷം പാസ്സാക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button