World

മതവിദ്വേഷ കമന്റിട്ട മലയാളി ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ഇത്തരം പെരുമാറ്റങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് ലുലുഗ്രൂപ്പ്

ഷാര്‍ജ: രാജ്യത്ത് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ സമൂഹമാധ്യമത്തില്‍ മതവിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനയമ്പള്ളിയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇത്തരം പെരുമാറ്റം ജീവനക്കാര്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.

പുരുഷന്മാരുടെ സെക്ഷനില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്ന ഉണ്ണികൃഷ്ണന്‍ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഈ കമന്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും നിരവധി ആളുകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമത്തില്‍ ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്.

ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികള്‍ക്ക് എച്ച്ആര്‍ വിഭാഗവുമായി ബന്ധപ്പെടാനും ലുലുഗ്രൂപ്പ് അധികൃതര്‍ ഉണ്ണികൃഷ്ണനെ അറിയിച്ചു. ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്നണ്ടായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button