‘‘അവിടെയാണ് എന്റെ ഭൂമി.. ഇപ്പോൾ പറയുന്നു– വനം വകുപ്പിന്റേതാണെന്ന്’’; ഞങ്ങളും മാവോവാദികളാകും

കോഴിക്കോട്∙ വയനാട്ടിലേക്കുള്ള തുരങ്കപാത ആരംഭിക്കേണ്ട സ്വർഗംകുന്നിനു മുകളിലേക്ക് വിരൽ ചൂണ്ടി മാളിയേക്കൽ ആന്റണി പറഞ്ഞു– ‘‘അവിടെയാണ് എന്റെ ഭൂമി.. ഇരുവഞ്ഞിപ്പുഴ കടന്ന് 2 കിലോമീറ്ററോളം നടക്കണം. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് അവിടെ ജീവിക്കാൻ സാധിക്കില്ല. താമസിക്കാനായി താഴെ, 10 സെന്റ് സ്ഥലം വാങ്ങി. ഇപ്പോൾ പറയുന്നു– എന്റെ ഭൂമി വനം വകുപ്പിന്റേതാണെന്ന്. ജീവിക്കാൻ കൃഷിയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഭൂമി പിടിച്ചെടുത്താൽ ഞാൻ കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് ഒരു വരവു വരും.
എന്റെ അവസാന യാത്രയായിരിക്കും അത് –’’ പറഞ്ഞു തീരുമ്പോൾ ആന്റണിയുടെ കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണുനീരിന് പൊള്ളുന്ന ചൂടായിരുന്നു. ആന്റണി മാത്രമല്ല, മുപ്പതോളം കർഷകരാണ് വനം വകുപ്പിന്റെ അപ്രതീക്ഷിത നോട്ടിസിൽ ഞെട്ടിത്തരിച്ചിരിക്കുന്നത്. പ്ലായ്കയിൽ മത്തായി തോമസ് മുതൽ പൊയ്കയിൽ വക്കച്ചൻ വരെ 15 പേർക്ക് വനം വകുപ്പിന്റെ നോട്ടിസ് ലഭിച്ചു കഴിഞ്ഞു. നെല്ലിപ്പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി വില്ലേജുകളിലുള്ളവരാണ് ഇങ്ങനെ പെട്ടുപോയത്. ഒന്നും രണ്ടും ഏക്കർ സ്വന്തമായി ഉള്ളവർ മുതൽ റിസോർട്ട് തുടങ്ങാനായി പത്ത് ഏക്കറോളം വാങ്ങിയവർ വരെ കൂട്ടത്തിലുണ്ട്. റിസോർട്ടിന്റെ ഭൂമിയിൽ ‘ഇതു വനഭൂമിയാണ്’ എന്ന ബോർഡും സ്ഥാപിച്ചു കഴിഞ്ഞു.
1961 മുതൽ കരം അടച്ചുവരുന്ന ഭൂമിയുടെ ഇപ്പോഴത്തെ ഉടമകളും അക്കൂട്ടത്തിലുണ്ട്. എൺപതുകാരിയായ കുന്നുംപുറത്ത് ത്രേസ്യ പൈലിയെല്ലാം അതിൽ ഉൾപ്പെടുന്നു. 1971ലും 82ലും പട്ടയം അനുവദിച്ച് തലമുറകൾ കൈമാറി കൃഷി ചെയ്യുന്ന ഭൂമി വനഭൂമിയാണെന്നാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ വാദം. 1972 ൽ മുക്കം ലാൻഡ് ട്രൈബ്യൂണൽ പട്ടയം കൊടുത്ത കാര്യം വനം വകുപ്പിന്റെ റിപ്പോർട്ടിൽ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ഈ സ്ഥലം ഉൾപ്പെടുന്ന 32.838 ഹെക്ടർ ഭൂമി 1980ൽ വനഭൂമിയായി വിജ്ഞാപനം ചെയതുവെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു.
വനഭൂമിക്ക് പട്ടയം നൽകാൻ ലാൻഡ് ട്രൈബ്യൂണലിന് അവകാശമില്ലെന്നും മുക്കം ട്രൈബ്യൂണലിന്റെ പട്ടയം റദ്ദാക്കേണ്ടതാണെന്നുമാണ് വനം വകുപ്പിന്റെ വാദം. വനം വകുപ്പിന്റെ നിരാക്ഷേപ പത്രം വാങ്ങാതെയാണ് പട്ടയം നൽകിയതെന്ന വാദവും വനം വകുപ്പ് ഉന്നയിക്കുന്നു. പട്ടയം റദ്ദാക്കൽ തീരുമാനം നടപ്പാക്കി, ഭൂമി ജണ്ട കെട്ടി തിരിക്കാൻ വനം വകുപ്പ് 2017ൽ ഇറങ്ങിത്തിരിച്ചെങ്കിലും കർഷകരുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയാണുണ്ടായത്.
∙ ഞങ്ങളും മാവോവാദികളാവും
അധികൃതർ ഈ മനോഭാവം തുടർന്നാൽ തിരുവമ്പാടി പ്രദേശത്ത് സ്ഥിരമായി എത്താറുള്ള മാവോയിസ്റ്റുകളെ ഇനി തങ്ങൾക്ക് പ്രോത്സാഹിപ്പിക്കേണ്ടി വരുമെന്നാണ് കർഷകർ കൂട്ടത്തോടെ പറയുന്നത്. അരിയും പണവും ആവശ്യപ്പെട്ടു മാവോയിസ്റ്റുകൾ വീടുകളിൽ എത്തുന്നത് ഇവിടെ പതിവാണ്. സ്നേഹത്തോടെ മടക്കുകയാണ് കർഷകർ ഇപ്പോൾ. നിഷേധാത്മക സമീപനം തുടർന്നാൽ അവർക്കു വേണ്ട സഹായങ്ങൾ നൽകേണ്ടി വരുമെന്ന് കർഷകർ പറയുന്നു.
∙ കേസ് ജയിച്ചിട്ടും കാര്യമില്ല
വനം വകുപ്പിന്റെ ജണ്ട കെട്ടൽ നീക്കം തടഞ്ഞതിനു ശേഷമാണ് വാഴേപറമ്പിൽ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ട്രൈബ്യൂണലിൽ 5–2017 ആയി കേസ് ഫയൽ ചെയ്തത്. ഭൂമി മനോജിന് അവകാശപ്പെട്ടതാണെന്നും മുൻ ഉടമയായ ടി.പി.ബാലകൃഷ്ണൻ നായർക്ക് 1972 ൽ പട്ടയം ലഭിച്ച ഭൂമിയിൽ നിന്നാണ് മനോജ് 2.95 ഏക്കർ വിലയ്ക്കു വാങ്ങിയിരിക്കുന്നതെന്നും ട്രൈബ്യൂണൽ വിധി വന്നെങ്കിലും വനംവകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നിക്ഷിപ്ത വനഭൂമിക്ക് നിയമവിരുദ്ധമായി നൽകിയ പട്ടയം പിൻവലിക്കാൻ അപ്ലെറ്റ് ട്രൈബ്യൂണലിൽ കേസ് കൊടുക്കുകയാണെന്നും അതു പിൻവലിക്കാൻ സാധിക്കില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.
∙ ജോർജ് എം.തോമസ് എംഎൽഎ
1977നു മുൻപുള്ള എല്ലാ കയ്യേറ്റങ്ങൾക്കും പട്ടയം നൽകിയിട്ടുണ്ട്. ഈ പ്രദേശത്ത് 1976ൽ സർവേ നടന്നിട്ടുണ്ടെന്നും അതിന്റെ സ്കെച്ച് പ്രകാരം വനഭൂമിയായി നിക്ഷിപ്തമാക്കിയ പ്രദേശത്തമാണ് റവന്യു വകുപ്പ് പട്ടയം നൽകിയതെന്നും വനം വകുപ്പ് പറയുന്നു. രണ്ടു വകുപ്പുകൾ തമ്മിലുള്ള പ്രശ്നമാണിത്. ഇരു വകുപ്പുകളും തദ്ദേശ പ്രതിനിധികളും കർഷകരും ഒരുമിച്ചിരുന്നു ചർച്ച ചെയ്യാതെ പ്രശ്നത്തിന് പരിഹാരം ഉണ്ടാവില്ല.
പരിഹാരം ഉണ്ടാവേണ്ടത് കർഷകരുടെ ന്യായമായ ആവശ്യമാണ്. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, കെ.രാജു എന്നിവരുമായി കഴിഞ്ഞ മാസം പ്രശ്നം ചർച്ച ചെയ്തിരുന്നു. സംയുക്ത പരിശോധന സമിതി ഓരോരുത്തരുടെയും രേഖകൾ പരിശോധിച്ച് തീരുമാനം എടുക്കുന്നതിനു മുൻപ് വനം വകുപ്പിന്റെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
∙ എം.രാജീവൻ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ
ചിലരുടെ കൈവശം പട്ടയത്തിൽ ഉള്ളതിലും അധികം ഭൂമിയുണ്ട്. കയ്യേറ്റം ഉള്ള സ്ഥലം തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്. പട്ടയം അതോറിറ്റിക്ക് അപ്പീൽ കൊടുത്ത് നടപടിക്രമങ്ങൾ പാലിക്കാതെ തിരുത്തുകയാണുണ്ടായത്. സർക്കാർ തീരുമാനം ഉണ്ടാവേണ്ട കാര്യമാണിത്. കർഷകരുടെ കൈവശം രേഖാമൂലമുള്ള ഭൂമിക്ക് അവർക്കും അവകാശം ഉണ്ട്. അതിന് കൃത്യമായ ചർച്ചകളും നടപടിക്രമങ്ങളും ഉണ്ടാവണം. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം എന്നു തന്നെയാണ് വനം വകുപ്പിന്റെയും നിലപാട്.
∙ സി.സാംബശിവ റാവു കലക്ടർ
തിരുവമ്പാടിയിലെ കർഷകരുടെ വിഷയം വിശദമായി പഠിക്കേണ്ടതാണ്. കർഷകരിൽ ഒരാൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധിയും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഡപ്യൂട്ടി കലക്ടർ സ്ഥലം മാറിയതിന്റെ കാലതാമസമാണ് ഇപ്പോൾ വരുന്നത്. എല്ലാ പ്രശ്നവും പരിഹരിക്കും.
News from Manorama







