Thiruvambady

മത്സ്യകൃഷി വിളവെടുപ്പ് നടത്തി

തിരുവമ്പാടി; മുത്തപ്പൻപുഴ തേൻപാറ മുണ്ടക്കൽ ജെയിൻ ജേക്കബിന്റെ ഉടമസ്‌ഥതയിലുള്ള ബയോഫ്ലോക്ക് ജൈവ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. എൺപത് കിലോയോളം ഗിഫ്റ്റ് തിലോപ്പി ഇനത്തിൽ പെട്ട മത്സ്യമാണ് വിളവെടുപ്പിൽ ലഭിച്ചത്. വിളവെടുപ്പ് ഉദ്ഘാടനവും ആദ്യ വിൽപനയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ നിർവഹിച്ചു, വാർഡ് മെമ്പർ മഞ്ജു ഷിബിൻ, ടോമി കൊന്നക്കൽ, മനോജ് വാഴേപറമ്പിൽ, ബെന്നി മാനത്താനത്ത്, സജിമോൻ കൊച്ചുപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

മുൻപ് കോഴിഫാം നടത്തിയിരുന്ന ജെയിൻ കൂടുതൽ ലാഭകരമായ മറ്റൊരു കൃഷിയെന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ടാങ്കുകളിൽ ജൈവ മത്സ്യകൃഷി ആരംഭിക്കുകയായിരുന്നു. വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന കൃഷി നിലവിൽ ഏഴ് ടാങ്കുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഭാര്യ മിനിയും മക്കളായ അഭിജിത്, അഞ്‌ജലി, അലീന എന്നിവരും ചേർന്നാണ് കൃഷി മുന്നോട്ട് കൊണ്ടുപോവുന്നത്.

വിളവെടുപ്പ് നടത്തിയ എൺപത് കിലോയോളം വരുന്ന മത്സ്യം കിലോയ്ക്ക് ഇരുന്നൂറ് രൂപ നിരക്കിലാണ് വിൽപന നടത്തിയത്. വിളവെടുപ്പിന് എല്ലാവിധ പിന്തുണയുമായി നാട്ടുകാരും അയൽവാസികളും സജീവമായി രംഗത്തുണ്ടായിരുന്നു. ബയോഫ്ലോക് രീതിയിൽ കൃഷി ചെയ്യുന്ന മത്സ്യങ്ങളായതിനാൽ തന്നെ ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.

Related Articles

Leave a Reply

Back to top button