Kozhikode
ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം തുടങ്ങി

കോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത്‌ലാബ് പ്രവർത്തനം തുടങ്ങി. ആദ്യദിവസം നാലുപേർക്കാണ് ആൻജിയോഗ്രാം ചെയ്തത്. ഫെബ്രുവരി 12-നാണ് മന്ത്രി കെ.കെ. ശൈലജ കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. പരിശീലനം പൂർത്തിയാക്കി ജീവനക്കാരെ നിയോഗിച്ചശേഷമാണ് പ്രവർത്തനം തുടങ്ങിയത്. രണ്ട് കാർഡിയോളജിസ്റ്റുകളും മൂന്നുവീതം കാത്ത് ലാബ് ടെക്‌നീഷ്യന്മാരും കാത്ത് ലാബ് നഴ്‌സുമാരുമാണുള്ളത്.
മെഡിക്കൽ കോളേജിലാണ് ജീവനക്കാർ പരിശീലനം പൂർത്തിയാക്കിയത്. കരാറടിസ്ഥാനത്തിലും ഡെപ്യൂട്ടേഷൻ വഴിയുമുള്ള ജീവനക്കാരാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നാല് ഡ്യൂട്ടി ഡോക്ടർമാർ, മൂന്ന് കാർഡിയോളജിസ്റ്റുകൾ, മൂന്നുവീതം ടെക്‌നീഷ്യൻമാർ, നഴ്‌സുമാർ എന്നീ തസ്തികകളുണ്ടാക്കി സ്ഥിരംനിയമനം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ഉമർഫാറൂഖ് പറഞ്ഞു.







