വാക്സിനേഷൻ ക്യാമ്പിൽ ഡി.വൈ.എഫ്. ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം

മുക്കം: നഗരസഭയുടെ നേതൃത്വത്തിൽ മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഡി.വൈ.എഫ്.ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം.പ്രത്യേക യൂണിഫോം ധരിച്ച്, പോസ്റ്ററുകൾ ഒട്ടിച്ച് സംഘടനയേതെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു ഡി.വൈ.എഫ്.ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചത്. അതേസമയം യു.ഡി.എഫ്. കൗൺസിലർമാരുടെ ഡിവിഷനുകളിൽനിന്ന് വന്ന ആർ.ആർ.ടി. അംഗങ്ങൾ സ്ഥാപിച്ച ഹെൽപ്പ് ഡെസ്ക് മുൻ നഗരസഭാ കൗൺസിലർ നിർത്തിവെപ്പിച്ചതായും വനിതാകൗൺസിലറെയും ആർ.ആർ.ടി. അംഗങ്ങളെയും അവഹേളിച്ചതായും യു.ഡി.എഫ്. ആരോപിച്ചു. വാക്സിനേഷൻ ക്യാമ്പിൽ മുൻ കൗൺസിലർക്ക് യാതൊരു അധികാരവുമില്ല എന്നിരിക്കെയാണ് ഈ നടപടിയെന്നും വാക്സിൻ വിതരണംപോലും സി.പി.എം. രാഷ്ട്രീയ വത്കരിച്ചുവെന്നും യു.ഡി.എഫ്. ആരോപിച്ചു.
ക്യാമ്പ് നടക്കുന്ന പരിസരത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആർ.ആർ.ടി. അംഗങ്ങളോ അല്ലാത്തവർക്ക് ഹെൽപ്പ് ഡെസ്ക് പോലെയുള്ളവ സ്ഥാപിക്കുന്നതിന് അധികാരമില്ലെന്നും യു.ഡി.എഫ്. പറയുന്നു. ക്യാമ്പിലെത്തിയ നഗരസഭാ ചെയർമാൻ പി.ടി. ബാബുവിനെ നേരിൽകണ്ട് യു.ഡി.എഫ്. സംഭവം ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ. ഹെൽപ്പ് ഡെസ്ക് സ്കൂളിന് പുറത്തേക്ക് മാറ്റി. വനിതാ കൗൺസിലറെയും ആർ.ആർ.ടി. അംഗങ്ങളെയും അവഹേളിച്ചതായുള്ള പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭാചെയർമാൻ അറിയിച്ചു







