Thamarassery

വിമർശനങ്ങൾക്കിടെ അവലോകനത്തിന് എം.കെ. മുനീർ എത്തി

താമരശ്ശേരി : കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലും കൊടുവള്ളി മണ്ഡലത്തിലെ പ്രതിരോധപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകാൻ നിയുക്ത എം.എൽ.എ. എത്തുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ നിയുക്ത എം.എൽ.എ. എം.കെ. മുനീർ എത്തി. കൊടുവള്ളി നിയോജകമണ്ഡലത്തിൽ വിവിധ ആശ്വാസപദ്ധതികൾക്ക് രൂപംനൽകുന്നതിനാണ് താലൂക്ക് ആശുപത്രിയിൽ അവലോകനയോഗം ചേർന്നത്. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിയും കമ്യൂണിറ്റി ഹെൽത്ത്സെന്ററുകളും പി.എച്ച്.സി.കളും കേന്ദ്രീകരിച്ച് മണ്ഡലംതലത്തിൽ മോണിറ്ററിങ്‌ കമ്മിറ്റിക്ക് രൂപംനൽകും.

അടിയന്തരസാഹചര്യം നേരിടാൻ പഞ്ചായത്ത് മുനിസിപ്പൽതലങ്ങളിൽ ഹെൽപ്പ്ഡെസ്ക് രൂപവത്കരിക്കാനും യോഗത്തിൽ തീരുമാനമായി. അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാൻ മൂന്ന് ഫോൺനമ്പറുകൾ പൊതുജനങ്ങൾക്ക് നൽകും. കൊടുവള്ളി മണ്ഡലത്തിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. പലയിടങ്ങളിലും കോവിഡ് ടെസ്റ്റ് കിറ്റ് കുറവാണെന്നും ആർ.ടി.പി.സി.ആർ. കിറ്റ് അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്നും കണ്ടെത്തി. രോഗികൾക്ക് അടിയന്തരസാഹചര്യം നേരിടാൻ ആശുപത്രികളിലെ വാഹനങ്ങൾകൂടാതെ സന്നദ്ധസംഘടനകളുടെ ആംബുലൻസും മറ്റും ഉപയോഗപ്പെടുത്തും. കോവിഡ് രോഗികൾക്ക് മാത്രമായി വാഹനങ്ങളും അല്ലാത്തവർക്ക്‌ വേറെ വാഹനങ്ങളും പ്രത്യേകം സജ്ജീകരിക്കും.

പഞ്ചായത്ത് മുനിസിപ്പൽതലങ്ങളിൽ രൂപവത്കരിക്കുന്ന ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെട്ടാൽ ഈ വാഹനസൗകര്യങ്ങൾ ലഭ്യമാകുന്നതാണ്. കോവിഡ് രോഗികളുടെ വീടുകളിൽ പൊതുജനപങ്കാളിത്തത്തോടെ പൾസ് ഓക്സിമീറ്റർ എത്തിക്കാനുള്ള സംവിധാനമൊരുക്കും. ആരോഗ്യരംഗത്ത് കൊടുവള്ളിമണ്ഡലത്തിന് എല്ലാവിധ പരിഗണനയും ലഭിക്കാൻ മുൻകൈയെടുക്കുമെന്നും എം.കെ. മുനീർ അറിയിച്ചു.

വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ദീർഘകാലവായ്പയടക്കമുള്ള പദ്ധതികൾക്ക് സംവിധാനമൊരുക്കാനും കർഷകരുടെ വിളകൾ വിൽപ്പനയ്ക്കാവശ്യമായ സൗകര്യമൊരുക്കാനുംവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്നും എം.കെ. മുനീർ പറഞ്ഞു.

കൊടുവള്ളിയിൽ കോവിഡ് വ്യാപനം കൂടിവരുമ്പോൾ കൊടുവള്ളിമണ്ഡലത്തിൽ സർക്കാർ സംവിധാനങ്ങക്ക‌ക്ക് ഏകോപനമില്ലെന്ന് മുൻ എം.എൽ.എ. കാരാട്ട് റസാഖ് കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു.

മണ്ഡലത്തിലെ കൊടുവള്ളി, മടവൂർ, താമരശ്ശേരി, നരിക്കുനി, തുടങ്ങിയ പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണെന്നും പുതിയതായി തിരഞ്ഞെടുത്ത മറ്റ് മണ്ഡലങ്ങളിലെ നിയുക്ത എം.എൽ.എ.മാർ പ്രവർത്തനങ്ങൾ ഏറ്റെടുത്തപ്പോൾ കൊടുവള്ളിയിൽ നാഥനില്ലാത്ത അവസ്ഥയാണെന്നും മുൻ എം.എൽ.എ. ആരോപിച്ചിരുന്നു. സർക്കാർ ആരോഗ്യവകുപ്പ് ജില്ലാഭരണകൂടങ്ങൾ മുഖേന നടപ്പാക്കേണ്ട പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മണ്ഡലത്തിലെ ജനപ്രതിനിധിയുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചിരിക്കുകയാണെന്നും സംസ്ഥാനസർക്കാരും ആരോഗ്യവകുപ്പും മികച്ച പ്രവർത്തനങ്ങൾ നടത്തുമ്പോൾ സർക്കാരിനെ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതിനായി നിയുക്ത എം.എൽ.എ. മനഃപൂർവം വീഴ്ച്ചവരുത്തുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കാരാട്ട് റസാഖ് ആരോപണം ഉന്നയിച്ചിരുന്നു. വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് നിയുക്ത എം.എൽ.എ. വെള്ളിയാഴ്ച്ച മണ്ഡലത്തിലെത്തി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായാണ്. ഇത്തരം വിമർശനങ്ങളിൽ കഴമ്പില്ലെന്നും കോവിഡ് മഹാമാരിയിൽനിന്ന് നാടിനെ കൈപിടിച്ചുയർത്താർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കൊടുവള്ളി മണ്ഡലത്തിലും കൃത്യമായി നടക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ എം.എൽ.എ. എന്ന നിലയിൽ മുഴുവൻ സമയവും ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒപ്പമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ കേശവനുണ്ണി, മുൻ എം.എൽ.എ. വി.എം. ഉമ്മർ, ബ്ലോക്ക് -ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button