Kodanchery

റോഡ് നിർമാണം: വീടിനോടു ചേർന്ന് മണ്ണിടിഞ്ഞു; കുടുംബത്തെ മാറ്റി

കോട‍ഞ്ചേരി∙ കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് നിർമാണത്തോടനുബന്ധിച്ച് റോഡിലെ കയറ്റം കുറയ്ക്കുന്നതിനു മണ്ണ് എടുത്തു മാറ്റിയ സ്ഥലത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ. കണ്ണോത്ത് അങ്ങാടിക്ക് സമീപം കുതിരപുലയിൽ ചെന്താമരയുടെ വീടിനോട് ചേർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ സംരക്ഷണ ഭിത്തിയും മുറ്റവും തകർന്നു. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പഞ്ചായത്തും റവന്യു വകുപ്പും ഇടപെട്ട് ചെന്താമരയെയും ഭാര്യ കുഞ്ഞിലക്ഷ്മിയെയും കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു.

റോഡിനോട് ചേർന്ന് 15 അടിയോളം ഉയരത്തിലാണ് വീട്. റോഡിന്റെ കയറ്റം കുറയ്ക്കാൻ മണ്ണ് എടുത്തു മാറ്റിയതാണ് മണ്ണിടിച്ചിലിനു കാരണം. റോഡിന്റെ കയറ്റം കുറയ്ക്കുന്നതിനു പുറമേ 10 മീറ്റർ വീതിയിൽ റോഡ് പണിയുകയും വേണം. ഈ ഭാഗത്ത് 10 മീറ്റർ വീതിയിൽ റോഡ് പണിയണമെങ്കിൽ ചെന്താമരയുടെ വീടിന്റെ തിണ്ണ ചേർന്ന് മണ്ണ് എടുത്ത് മാറ്റണം. ഏതാനും ഭാഗത്തെ മണ്ണ് എടുത്തു മാറ്റിയെങ്കിലും ഏറെ ഉയരത്തിൽ നിൽക്കുന്ന വീടിനോട് ചേർന്ന് കൂടുതൽ മണ്ണ് എടുത്ത് മാറ്റിയാൽ വീടിന് ഭീഷണിയാകും എന്നതിനാൽ ഈ ഭാഗത്ത് റോഡ് വീതി കൂട്ടാതെ കിടക്കുകയാണ്. രണ്ട് മുറിയും അടുക്കളയും ഉള്ള വീട് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ പൂർണമായും നിലംപൊത്തും. 

ഭിന്നശേഷിക്കാരനായ ചെന്താമരയ്ക്ക് മൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളത്. ഭാര്യ കുഞ്ഞിലക്ഷ്മിയും 66 വയസ്സുകാരനായ ചെന്താമരയുമാണ് വീട്ടിൽ താമസിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. കോൺക്രീറ്റ് ഭിത്തി കെട്ടി ചെന്താമരയുടെ വീട് സുരക്ഷിതമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. റോഡ് നിർമാണം മൂലം ചെന്താമരയുടെ വീടിന്റെ അപകടാവസ്ഥയും റോഡിൽ നിന്ന് വീട്ടിലേക്ക് വഴിയില്ലാത്തതിന്റെ ബുദ്ധിമുട്ടും മുൻപ് മനോരമ വാർത്ത നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button