Kodanchery

കനത്ത മഴ: മലയോരത്തെ പുഴകൾ കരകവിഞ്ഞു

കോടഞ്ചേരി:കഴിഞ്ഞ രണ്ടുദിവസങ്ങളായി നിർത്താതെ പെയ്യുന്നമഴയിൽ മലയോരത്തെ പുഴകൾ കരകവിഞ്ഞു. ഉൾവനത്തിലെ ഉരുൾപൊട്ടലും മഴയുംകാരണം പുഴകളിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. അങ്ങാടിയിലേക്ക് വെള്ളംകയറി.

പറപ്പറ്റ ബണ്ടിനോട് ചേർന്ന അപ്രോച്ച് റോഡ് ഇടിഞ്ഞു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കണ്ണോത്ത് – കൈതപ്പൊയിൽ റോഡിനുസമീപം താമസിക്കുന്ന ചെന്താമരയുടെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ ഇടിഞ്ഞുവീണു.

അവശ്യഘട്ടങ്ങളിൽ പോലീസും പഞ്ചായത്ത് ടാസ്ക് ഫോഴ്സ് വൊളന്റിയർമാരും നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയിലും മലയോരമേഖലയിൽ ശക്തമായ മഴ തുടരുകയാണ്.

പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന്റെ തൂണിൽ ഇരുന്ന് ഭക്ഷണംകഴിക്കുകയായിരുന്ന യുവാക്കൾ മലവെള്ളപ്പാച്ചിലിൽനിന്ന്‌ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്കിലെത്തിയ യുവാക്കൾ പാലത്തിന്റെ തൂണിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പുഴയിൽ പൊടുന്നനെ ജലവിതാനം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. പാലത്തിനടിയിൽ ഇറങ്ങിയ വഴിയിൽ വെള്ളം കയറിയതിനാൽ ഏറെ കഷ്ടപ്പെട്ടാണ് തിരിച്ച് റോഡിൽ കയറിയത്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഉടനെ ബൈക്കിൽ കയറി യുവാക്കൾ തിരിച്ചുപോകുകയായിരുന്നു.

Related Articles

Leave a Reply

Back to top button