തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഉന്നതതല യോഗം ഇന്ന്

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡ് നിരന്നപാറ നാല് സെന്റ് പട്ടികജാതി ഉന്നതിയിൽ കഴിഞ്ഞദിവസം ഒരു സ്വകാര്യ വ്യക്തിയുടെ നായ നാലു വയസ്സുള്ള കുട്ടിയെ കടിച്ചതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിൽ നിന്ന് സിപി എം പിന്മാറണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി വാർത്ത കുറുപ്പിൽ അറിയിച്ചു. കോളനിയിലെ ഒരു സ്വകാര്യ വ്യക്തി വളർത്തുന്ന നായ നാലു വയസ്സുള്ള കുട്ടിയെ ശനിയാഴ്ച രാത്രി 10 മണിക്ക് കടിച്ചു എന്ന് അറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുട്ടിയെ കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ആക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തതാണ്. തിങ്കളാഴ്ച രാവിലെ 7. 30നാണ് ഈ നായ ചത്തുകിടക്കുന്നതായി പ്രദേശവാസികൾ വാർഡ് മെമ്പറെ അറിയിച്ചത് തുടർന്ന് ഉടൻതന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വാർഡ് മെമ്പർ ജ്യോതി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും ഉടൻതന്നെ പൂക്കോട് വെറ്റിനറി ഹോസ്പിറ്റൽ കൊണ്ടുപോയി അടിയന്തരമായി പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പരിക്കേറ്റ കുട്ടിയുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിൽ നിന്നും 10,000 രൂപ ഉടൻ നൽകുവാനുള്ള തീരുമാനവും എടുത്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എല്ലാവർഷവും ഒരു ലക്ഷം രൂപ എബിസി പദ്ധതിയിൽ തെരുവുനായ്ക്കുള്ള വന്ദീകരണത്തിന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട് അത് നടപ്പിലാക്കിയിട്ടുണ്ട് അതുപോലെതന്നെ തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് വാക്സിനേഷനായി 68,000 രൂപയും ചെലവഴിച്ചിട്ടുണ് ഇതുവരെ സംസ്ഥാന സർക്കാർ തെരുവുനായ ശല്യത്തിന് പരിഹാരം കാണുവാൻ ഉതകുന്ന പ്രായോഗികമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല എന്ന സത്യവും പൊതുജനം തിരിച്ചറിയണമെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാനസ് സുബൈർ, വിൻസെൻറ് വടക്കേമുറി,മിനി സണ്ണി വാർഡ് മെമ്പർമാരായ ജ്യോതി സന്തോഷ്, റോയ് കുന്നപ്പള്ളി,ജിജി എലുവാലിങ്കൽ ശിവദാസൻ താഴെപ്പാലാട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ,വെറ്റിനറി സർജൻ ഡോക്ടർ രവി മെഡിക്കൽ ഓഫീസർ ഡോക്ടർ സീനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.
തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനെക്കുറിച്ച് കൂടിയാലോചിക്കുന്നതിന് ഭാഗമായി ഇന്ന് രാവിലെ 10. 30 ന് ഗ്രാമപഞ്ചായത്തിൽ ഒരു അടിയന്തര ഉന്നതല യോഗം ചേരുവാൻ തീരുമാനിച്ചു 11 മണിക്ക് കോളനി പ്രദേശത്ത് പ്രദേശവാസികളെ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിക്കുവാനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യമാക്കുവാനും വെറ്റിനറി സർജന്റെയും മെഡിക്കൽ ഓഫീസറുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഒരു സംയുക്ത യോഗം ചേരുവാനും തീരുമാനിച്ചു.







