സ്‌നേഹവീടൊരുക്കാന്‍ ജനമൈത്രി പോലീസും സൗഹൃദം കൂട്ടായ്മയും ഒരുമിച്ചു

കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ മാട്ടുമുറി കോളനിയില്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്‌നേഹവീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ജനകീയ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ സ്‌നേഹവീടിന്റെ പടവ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധ സേവനവുമായി മുക്കം ജനമൈത്രി പോലീസും സൗഹൃദം കൂട്ടായ്മയിലെ പ്രവര്‍ത്തകരും വെള്ളിയാഴ്ച രാവിലെ മുതല്‍ ശ്രമദാനവുമായി മാട്ടുമുറിയിലെത്തി.
ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. അസൈന്റെ നേതൃത്വത്തിലാണ് സന്നദ്ധസേവകര്‍ സ്‌നേഹവീടിന്റെ പടവ് ജോലികള്‍ ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ശിഹാബ് മാട്ടുമുറി, പോലീസ് ഓഫീസറായ കെ. സുനില്‍, സൗഹൃദം വാട്‌സാപ്പ് കൂട്ടായ്മ അഡ്മിന്‍ നസീദ മുക്കം, നൗഷാദ് കല്ലുരുട്ടി, മുസാഫിര്‍ ചെറുവാടി, നജീബ്, റാഷിഫ് കറുത്തപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ജനകീയ കൂട്ടായ്മയില്‍ മൂന്ന് സ്‌നേഹവീടുകളാണ് ഒരുങ്ങുന്നത്. മൂന്നാമത്തെ വീടിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ ആഴ്ച പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചിരുന്നു.






