Mukkam

ചാലിയാർ തീരത്തെ പച്ചപ്പണിയിക്കാൻ യുവ കർഷകർ

മുക്കം : തരിശായിക്കിടക്കുന്ന ചാലിയാറിന്റെ തീരത്തെ പച്ചപ്പണിയിക്കാൻ യുവ കർഷകർ. ചെറുവാടി സ്വദേശികളായ നൗഷാദ് കളത്തിലും ഒ. മുനീറുമാണ് ഏറെ നാളായി തരിശായിക്കിടക്കുന്ന ചാലിയാർ തീരത്ത് വീണ്ടും കൃഷിയിറക്കുന്നത്. ഒരു കാലത്ത് കാർഷിക സമൃദ്ധമായിരുന്ന ചാലിയാർ തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ന് തരിശായി കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാർഷികവൃത്തിയിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാതായതും പുതു തലമുറ കൃഷിയിൽ നിന്നകന്നതുമാണ് തിരിച്ചടിയായതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ചാലിയാർ തീരത്ത് കൃഷി പുനരാരംഭിച്ച് മുൻകാല പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഈ കർഷകർ. കൃഷിക്കായി വെള്ളം പമ്പ് ചെയ്യാൻ സൗരോർജ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കൃഷി നനയ്ക്കുന്നതിന് ഡ്രിപ്പ് ഇറിഗേഷൻ രീതിയും പരീക്ഷിക്കുന്നു. തണ്ണിമത്തൻ, കക്കിരി, വെണ്ട എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നതെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കിഴങ്ങ്, കടല, സവാള, ചെറിയ ഉള്ളി എന്നിവയും കൃഷിചെയ്യാനും പദ്ധതിയുണ്ട്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. റംസാൻ വിപണി ലക്ഷ്യമിട്ടാണ് കറാച്ചി തണ്ണിമത്തനും കക്കിരിയും കൃഷിചെയ്തിരിക്കുന്നത്.

വിത്തിറക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, കെ.പി.യു. അലി, അഷ്റഫ് കൊളക്കാടൻ, മുഹമ്മദ് നമീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button