അഗ്രി ടൂറിസം; കാർഷിക മേഖലയിലെ ടൂറിസം സാധ്യതകളെ ഉണർത്താൻ പുത്തൻ ആശയവുമായി കർഷകർ

തിരുവമ്പാടി: കാർഷികവൃത്തി എങ്ങനെ ആസ്വാദ്യകരവും ലാഭകരവുമാക്കാം എന്ന് ജീവിച്ച് കാണിച്ചു തരുന്ന ഏതാനും മാതൃകാ കർഷകരെയും അവരുടെ ഫാമുകളെയും കാണുവാനും പഠിക്കുവാനും അതോടൊപ്പം ഒരു ദിവസം ഉല്ലാസകരമായി ചിലവഴിക്കുവാനും ഉള്ള അതിമനോഹരമായ അവസരം ഒരുക്കുകയാണ് മലയോര കർഷകരുടെ കൂട്ടായ്മ തയ്യാറാക്കുന്ന അഗ്രി ടൂർ പാക്കേജിലൂടെ.
മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറി ശുദ്ധവായു അടക്കം കലർപ്പില്ലാത്ത പ്രകൃതി വിഭവങ്ങൾ അനുഭവിക്കാനും കുടിയേറ്റ മലയോര മേഖലയുടെ കാർഷിക സംസ്കാരവും വിളവൈവിദ്ധ്യവും നേരിട്ടനുഭവിച്ചറിയുവാനുമുള്ള അവസരം.
പച്ചക്കറി, തെങ്ങ്, ജാതി, സമ്മിശ്രക്കൃഷി, പശു, ആട്, കോഴി, തേനീച്ച, മത്സ്യം തുടങ്ങി വിവിധങ്ങളായ മാതൃകാ ഫാമുകളെയും മൂല്യവർധിത ഉൽപന്ന നിർമ്മാണ യൂണിറ്റുകളെയും ഈ പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയാണ് ടൂർ പാക്കേജ് തയ്യാറാക്കുന്നത്.
പദ്ധതിയുടെ പശ്ചാത്തലം ഒരുക്കുന്നതിന്റെ ഭാഗമായി ഫാം ഉടമകൾ ഒരുമിച്ച് പരസ്പര സന്ദർശന പരിപാടി സംഘടിപ്പിക്കുകയാണ്. ആദ്യഘട്ടമായി തിരുവമ്പാടി പഞ്ചായത്തിലെ പതിനൊന്നോളം സ്ഥലങ്ങൾ സന്ദർശിച്ചു. കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ള കർഷകരാണ് ഈ ടൂറിന്റെ ഭാഗമായത്.
കൂടരഞ്ഞി കൃഷി ഓഫീസർ മൊഹമ്മദ് പി എം, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ്, ഉത്തരവാദിത്വ ടൂറിസം ഓഫീസർ ആർപി അഖിൽ, കർഷക കൂട്ടായ്മ കൺവീനർ അജു എമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
യാത്രക്കിടെ വിശ്രമ സമയം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്മാനും യാത്രാ ടീമിനെ സന്ദർശിക്കുകയും വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.






