കയ്യേറ്റം; സർവേയിലൂടെ കണ്ടെത്തിയ കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ച് മുക്കം നഗരസഭ

മുക്കം: കലക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിൽ മനോളി കടവ് ഭാഗത്ത് കണ്ടെത്തിയത് വൻ കയ്യേറ്റം. നീലേശ്വരം വില്ലേജിൽ നഗരസഭയ്ക്ക് അവകാശപ്പെട്ട 89 സെന്റ് ഭൂമി കയ്യേറിയത് കണ്ടെത്തി തിരിച്ചു പിടിക്കാനായി. നാട്ടുകാർ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ പരാതിയാണ് ഇതിലേക്കു വഴിതുറന്നത്.
റബർ തോട്ടത്തിനു നടുവിലെ കുട്ടികളുടെ കളി നിർത്തണമെന്ന ആവശ്യപ്പെട്ട് കലക്ടർക്ക് ലഭിച്ച പരാതിയിലാണ് സംഭവങ്ങൾ ചുരുളഴിഞ്ഞത്. പരാതിയെ തുടർന്ന് ഭൂരേഖ തഹസിൽദാർ പ്രത്യേക സർവേയറെ ചുമതലപ്പെടുത്തി കയ്യേറ്റം സ്ഥിരീകരിച്ചു. നഗരസഭ കൗൺസിൽ ചേർന്ന് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷിന്റെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി അതിരു കല്ലുകളും നഗരസഭയുടെ ബോർഡും സ്ഥാപിച്ചു.
കയ്യേറ്റ ഭൂമിയിൽ 48 റബർ മരങ്ങളും 178 കമുങ്ങുകളും 7 തേക്കുകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മരങ്ങൾക്ക് നമ്പർ ഇടാൻ നടപടികൾ സ്വീകരിക്കും. സ്ഥലത്തെ ഗ്രൗണ്ട് വോളിബോൾ മൈതാനമായി നവീകരിക്കും. കുട്ടികൾക്കുള്ള പാർക്ക് എന്ന രീതിയിൽ 30 സെന്റ് സ്ഥലവും ഉപയോഗപ്പെടുത്തും. റവന്യു ഇൻസ്പെക്ടർ പി.സുരേഷ് ബാബു,ഹെൽത്ത് ഇൻസ്പെക്ടർ ടി.അജിത്ത് എന്നിവരും നേതൃത്വം നൽകി.







