Mukkam

കെ.എം.സി.ടി.യിൽ വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടു

മുക്കം : കളൻതോട് കെ.എം.സി.ടി. പോളിടെക്നിക് കോളേജിൽ വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിനെയും അധ്യാപകരെയും പൂട്ടിയിട്ടു. അധ്യാപകസമരം കാരണം പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന അഞ്ഞൂറോളം വിദ്യാർഥികൾ പരീക്ഷയിൽ തോറ്റതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് വൈസ് പ്രിൻസിപ്പലിനെയും അധ്യാപകരെയും പൂട്ടിയിട്ടത്. സംഭവം വിവാദമായതോടെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ വിദ്യാർഥിപ്രതിനിധികളുമായും കോളേജ് വൈസ് പ്രിൻസിപ്പലുമായും ചർച്ച നടത്തി സമരം താത്കാലികമായി അവസാനിപ്പിച്ചു.

തിരുവനന്തപുരത്തെ ടെക്നിക്കൽ എജ്യുക്കേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരീക്ഷ സംബന്ധമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ സമരം താത്കാലികമായി അവസാനിപ്പിച്ചത്. റഗുലറായിത്തന്നെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കാൻ ശ്രമിക്കുമെന്നും സംഭവം ലിന്റോ ജോസഫ് എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വൈസ് പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ എം.എസ്.എഫ്., കെ.എസ്.യു. ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റഗുലറായി പരീക്ഷയെഴുതാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വിദ്യാർഥിസംഘടനാ നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button