IndiaSports

ഒന്നു വെല്ലുവിളിക്കുക പോലും ചെയ്യാതെ കീഴടങ്ങി പാകിസ്താൻ; അണ്ടർ19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ!

ജൊഹന്നാസ്ബർഗ്: പാകിസ്താനെതിരെ പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഒരു വെല്ലുവിളി പോലും ഉയർത്താതെയാണ് പാകിസ്താൻ കീഴടങ്ങിയത്. യഷസ്വി ജയ്‌സ്‌വാളിന്റെ (113 പന്തിൽ 105) സെഞ്ചുറി തിളക്കത്തിലാണ് ഇന്ത്യ വൻ വിജയം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ നിശ്ചിത ഓവറിൽ 43.1 ഓവറിൽ 172ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 35.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ദിവ്യാൻഷ് സക്‌സേന (99 പന്തിൽ പുറത്താവാതെ 59) ജയ്‌സ്‌വാളിനൊപ്പം പിന്തുണ പ്രക്യാപിച്ചതോടെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്‌വാളിന്റെ ഇന്നിങ്‌സ്. ടൂർണമെന്റിൽ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. മികച്ച പിന്തുണ നൽകിയ സക്‌സേന ആറ് ബൗണ്ടറികൾ നേടി.

നേരത്തെ, ക്യാപ്റ്റൻ റൊഹൈൽ നാസിർ (62), ഓപ്പണർ ഹൈദർ അലി (56) എന്നിവർക്ക് മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചത്. സ്‌കോർബോർഡിൽ 34 റൺസ് ആയിരിക്കെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ഹൈദർ-റൊഹൈൽ സഖ്യം കൂട്ടിച്ചേർത്ത 62 റൺസാണ് പാകിസ്താന് തുണയായത്. മുഹമ്മദ് ഹാരിസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.

മിശ്ര 8.1 ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മിശ്രയ്ക്ക് പുറമെ കാർത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഥർവ അങ്കോൾക്കർ, യഷസ്വി ജയ്‌സ്‌വാൾ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

Related Articles

Leave a Reply

Back to top button