മുക്കം നഗരസഭ സംഘടിപ്പിച്ച പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ പ്രതിരോധമരുന്നിന് ക്ഷാമം

മുക്കം : തെരുവുനായ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിച്ച പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ പ്രതിരോധമരുന്നിന് ക്ഷാമം. വളർത്തുനായ്ക്കളുമായി ശനിയാഴ്ച മുക്കം മൃഗാശുപത്രിയിൽ കുത്തിവെപ്പിനെത്തിയവർ സ്വകാര്യ മെഡിക്കൽഷോപ്പുകളിൽനിന്ന് ഇരുന്നൂറുരൂപയ്ക്ക് മരുന്ന് വാങ്ങിനൽകിയാണ് കുത്തിവെപ്പെടുത്തത്.
സെപ്റ്റംബർ 15 മുതൽ 17 വരെയാണ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, ആദ്യ രണ്ടുദിവസത്തിനകംതന്നെ പ്രതിരോധമരുന്ന് തീർന്നു. മരുന്ന് തീർന്ന വിവരം അധികൃതർ നായ ഉടമകളെ അറിയിച്ചതുമില്ല. ഓട്ടോറിക്ഷയിലും മറ്റുമായി നായ്ക്കളുമായി മൃഗാശുപത്രിയിലെത്തിയപ്പോഴാണ് മരുന്ന് തീർന്ന വിവരം പലരുമറിയുന്നത്.
നിലവിൽ കുത്തിവെപ്പെടുക്കാത്ത എല്ലാ വളർത്തുനായകളെയും ക്യാമ്പിൽ കൊണ്ടുവന്ന് കുത്തിവെപ്പെടുക്കണമെന്നായിരുന്നു നഗരസഭയുടെ നിർദേശം. കുത്തിവെപ്പിന് 30 രൂപ വേണമെന്നും അറിയിപ്പിലുണ്ടായിരുന്നു.







