രോഗികൾക്ക് സാന്ത്വനവുമായി സേക്രഡ് ഹാർട്ടിന്റെ ജീവാമൃതം

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച മരുന്നുകൾ കൈമാറി. ‘ജീവാമൃതം’ പദ്ധതിയിലൂടെ വീടുകളിൽ ഉപയോഗ ശേഷം ബാക്കി വന്ന, പുനരുപയോഗിക്കാവുന്ന മരുന്നുകൾ ശേഖരിച്ച് നൽകുകയാണ് ചെയ്യുന്നത്. തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയറിനാണ് പദ്ധതിയിലൂടെ മരുന്നുകൾ കൈമാറിയത്. പദ്ധതി ഉദ്ഘാടനം ഹെഡ് മാസ്റ്റർ സജി തോമസ് നിർവഹിച്ചു. ലിസ പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.സി മാത്യു മരുന്നുകൾ ഏറ്റുവാങ്ങി. ഏബ്രഹാം തോമസ്, ബിജി മണ്ഡപത്തിൽ, ജെമീഷ് സെബാസ്റ്റ്യൻ, ടിയാര സൈമൺ, ലിറ്റി സെബാസ്റ്റ്യൻ, ജ്യോത്സന ജോസ്, ഗ്ലാഡി സിറിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കൂടാതെ വിദ്യാർഥികൾ നിർമിച്ച അറുന്നൂറോളം മരുന്നു കവറുകൾ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറി. മെഡിക്കൽ ഓഫിസർ ഡോ.ഫെസീന ഹസൻ കവറുകൾ ഏറ്റുവാങ്ങി. നഴ്സിങ് ഓഫിസർ സബീന, ഫാർമസിസ്റ്റ് പി.ഖമറുന്നിസ, എൻ.വി ഷില്ലി, കെ.ബി ശ്രീജിത്ത്, ശോഭന, സുനീർ, ജോസഫ് പി.ജെ പുലക്കുടിയിൽ, റിജോ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളിൽ സഹായ മനോഭാവം, സാമൂഹിക പ്രതിബദ്ധത എന്നിവ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ ആവിഷ്കരിച്ചത്.







