ചെറുശ്ശേരിയിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. രണ്ടുദിവസം തുടർച്ചയായി സ്ഥലത്ത് തമ്പടിച്ച ഒറ്റയാൻ വ്യാപകമായി നാശം വിതയ്ക്കുന്നത്. കൃഷി വിളകളോടൊപ്പം പ്രദേശത്തെ കുടിവെള്ള പൈപ്പുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നാട്ടുകാർ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ചെറുശ്ശേരി കുരിശുപള്ളിക്ക് സമീപമാണ് ശനിയാഴ്ച പുലർച്ചെ ആനയിറങ്ങി വ്യാപക നാശനഷ്ടമുണ്ടായത്. കീഴ്‌ശ്ശേരി സുരേഷ് കുമാർ, കുഞ്ഞുക്കുളങ്ങര രവി, തിരുവമ്പാടി കാരടി സൈതലവി, ഇടമനപറമ്പിൽ സെബാസ്റ്റ്യൻ, കിഴക്കയിൽ തങ്കച്ചൻ, പയ്യൂരത്തിൽ സോമൻ തുടങ്ങിയവരുടെ തെങ്ങ്, കമുക്, വാഴ, ജാതി തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. കൊടക്കാട്ടുപാറ വനമേഖലയിൽനിന്നുമാണ് ഇവിടെ കാട്ടാനയെത്തുന്നത്. ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കാട്ടുപന്നി, മലമാൻ, മുള്ളൻപന്നി, കുരങ്ങ്, മലവേഴാമ്പൽ തുടങ്ങി വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്.







