വീണ്ടും പരാജയം സമ്മതിച്ച് മുക്കത്തെ ഗതാഗതപരിഷ്കരണം

മുക്കം: 7.5 കോടി രൂപ ചെലവിൽ സൗന്ദര്യവത്കരിച്ച മുക്കം നഗരത്തിന്റെ ഗതാഗതക്കുരുക്കഴിക്കാൻ നഗരസഭ പ്രഖ്യാപിച്ച പരിഷ്കരണം പൂർണപരാജയം. നിയമലംഘനം പരിശോധിക്കാൻ ആളില്ലാതായതോടെ നഗരത്തിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായി. 2016ൽ ഗ്രാമപ്പഞ്ചായത്തായിരുന്ന മുക്കത്തെ നഗരസഭയാക്കി ഉയർത്തിയപ്പോൾ ഗതാഗതപരിഷ്കരണം പ്രഖ്യാപിച്ചിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവാതിരുന്നതാണ് അന്നും ഗതാഗതപരിഷ്കാരം പരാജയപ്പെടാൻ കാരണമായത്.
പോലീസ് വാഹനങ്ങൾപോലും വൺവേ സംവിധാനം ലംഘിച്ച് യാത്രചെയ്യുന്ന അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. മുക്കം നഗരസഭ സൗന്ദര്യവത്കരണം പൂർത്തിയായ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതലാണ് നഗരത്തിൽ ഗതാഗതപരിഷ്കരണം നടപ്പാക്കിയത്. ഗതാഗതപരിഷ്കരണത്തിന്റെ ഭാഗമായി പി.സി. റോഡ്, ആലിൻചുവട്-അഭിലാഷ് ജങ്ഷൻ റോഡ്, മുക്കം ബൈപ്പാസ്, വില്ലേജ് ഓഫീസ്-ഓർഫനേജ് റോഡ്, ആലിൻചുവട്-ഓർഫനേജ് റോഡ് എന്നിവ വൺവേ ആക്കിയിരുന്നു.
പഴയ സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിൽ ബസുകൾ നിർത്തി ആളുകളെ ഇറക്കുന്നതും കയറ്റുന്നതും വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആർക്കും ഏത് റോഡിനും പോകാമെന്ന അവസ്ഥയാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു. നഗരത്തിലേക്കെത്തുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം. പേ ആൻഡ് പാർക്ക് സൗകര്യമൊരുക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.







