കാലിക്കറ്റ് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി

മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി അധികൃതർ. ബി.ടെക്, ബി.ആർക്, എം.ടെക്, എം.എസ്.സി, എം.പ്ലാൻ, എം.ബി.എ കോഴ്സുകൾക്ക് പുതുക്കിയ പാഠ്യപദ്ധതി അവതരിപ്പിക്കാനാണ് ആലോചന. വ്യവസായമേഖലയുടെ മാറുന്ന ആവശ്യങ്ങൾ മനസ്സിലാക്കി വിദ്യാർഥികൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. കരിക്കുലം റിവിഷൻ കമ്മിറ്റിയുടെ ഒരുവർഷം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് വിവിധ ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി പ്രോഗ്രാമുകൾക്കായുള്ള നവീകരിച്ച പാഠ്യപദ്ധതി യാഥാർഥ്യമാക്കിയത്.
വ്യവസായസ്ഥാപനങ്ങൾ, റിക്രൂട്ടർമാർ, അധ്യാപകർ, പൂർവവിദ്യാർഥികൾ, വിദ്യാർഥികൾ എന്നിവരുടെ പിന്തുണയോടെയാണ് അന്തിമ പാഠ്യപദ്ധതി പൂർത്തിയാക്കിയത്. പാഠ്യപദ്ധതിപരിഷ്കരണം വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്റർ ഡിസിപ്ലിനറി അവസരങ്ങൾ നൽകുമെന്ന് എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. ഇന്റർഡിസിപ്ലിനറി കോഴ്സുകൾ, ലബോറട്ടറി, പരീക്ഷണാധിഷ്ഠിത പഠനം, അക്കാദമിക് പ്രോജക്ടുകൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനായി ബി.ടെക്, ബി.ആർക് പാഠ്യപദ്ധതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒന്നാം വർഷം തന്നെ വിദ്യാർഥികൾക്ക് അവരവരുടെ വിഷയത്തെ ആസ്പദമാക്കിയുള്ള പഠനവിഷയങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം. എൻ.ഐ.ടി.സി.യിലെ മറ്റു ഡിപ്പാർട്ട്മെന്റുകളും സെന്ററുകളും നടത്തുന്ന നാല് കോഴ്സുകൾ പൂർത്തിയാക്കാൻ മൈനർ പ്രോഗ്രാമുകൾ വിദ്യാർഥികളെ സഹായിക്കും. ഈ കോഴ്‌സുകൾ പൂർത്തിയാകുമ്പോൾ വിദ്യാർഥികൾക്ക് ബിരുദത്തിന് പുറമെ മൈനർ ബിരുദവും നൽകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ആൾട്ടർനേറ്റീവ് എനർജി ടെക്നോളജി, സൈബർ ഫിസിക്കൽ സിസ്റ്റംസ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, സ്മാർട്ട് മൊബിലിറ്റി, ഇലക്‌ട്രിക് വെഹിക്കിൾ എൻജിനിയറിങ്, ജിയോ ഇൻഫർമാറ്റിക്‌സ്, ബിൽഡിങ് സിസ്റ്റംസ് എൻജിനിയറിങ്, കംപ്യൂട്ടേഷണൽ ബയോളജി, ഫോട്ടോണിക്സ് ആൻഡ് ഒപ്റ്റിക്കൽ എൻജിനിയറിങ്, മോളിക്യുലർ മോഡലിങ് ആൻഡ് സിമുലേഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികമേഖലകളിൽ മൈനർ ബിരുദങ്ങൾ നൽകാനാണ് തീരുമാനം. സ്ഥാപനത്തിലുള്ള മറ്റു ഡിപ്പാർട്മെന്റുകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീമാറ്റിക് സെന്ററുകളും നടത്തുന്ന ഓപ്പൺ ഇലക്ടീവ് കോഴ്‌സുകളും വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. അവരുടെ സ്ഥിരം ജോലിയിൽ തുടർന്നുകൊണ്ടുതന്നെ പി.എച്ച്.ഡി. പൂർത്തിയാക്കാൻ സാധിക്കുന്ന എക്സ്റ്റേർണൽ ഡയറക്ട് പി.എച്ച്.ഡി. ഇന്ത്യയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. പുതിയ അധ്യയനവർഷം പുതിയ പാഠ്യപദ്ധതി നിലവിൽവരുമെന്ന് ഡീൻ ഡോ. എസ്.എം സമീർ പറഞ്ഞു.






