World

ലോകം ഭീതിയിൽ; കോവിഡ് മരണം 11,000 കടന്നു; ഇറ്റലിയിൽ മരണ സംഖ്യ 4,000 കടന്നു; ഒരുദിവസം 627 മരണങ്ങൾ; സ്‌പെയിനിലും മരണനിരക്കിൽ കുതിപ്പ്

ലണ്ടൻ: ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11,398 ആയി. ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചത്. ഇതുവരെ 4032 ആളുകളാണ് മരിച്ചുവീണത്. ഒരുദിവസം കൊണ്ട് മരിച്ചവരുടെ എണ്ണത്തിലും വർധനവാണ് സംഭവിച്ചിരിക്കുന്നത്. 627 പേരാണ് 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ മരിച്ചത്. ആറായിരത്തിലധികം പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോഴും സ്‌പെയിനിലെ മരണനിരക്കും കുതിച്ച് ഉയർന്നത് വലിയ ആശങ്കകൾക്ക് കാരണമായി. 262 പേരാണ് 24 മണിക്കൂറിനിടെ സ്‌പെയിനിൽ മരിച്ചത്. ഇതോടെ മരണസംഖ്യ 1093 ആയി ഉയർന്നു. ഇറാനിലും സ്ഥിതി ഗുരുതരമാണ്, 1433 പേരാണ് ഇതുവരം മരിച്ചത്. അതേസമയം, ചൈനയിലെ മരണനിരക്കിൽ കുറവുണ്ടായതാണ് ഏക ആശ്വാസം. ഏഴ് മരണങ്ങൾ മാത്രമാണ് ചൈനയിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി.

അതേസമയം, കോവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണമെന്ന് ഉത്തരവിട്ടു. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തീയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളിൽ തന്നെ കഴിയാനും നിർദേശം നൽകി.

Related Articles

Leave a Reply

Back to top button