Kerala

കൊവിഡ്: എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. സര്‍വകലാശാല പരീക്ഷകളും മാറ്റി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

എട്ടാം ക്ലാസ് മുതല്‍ സര്‍വകലാശാല തലം വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. നേരത്തെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ വിലക്കിയിരുന്നു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് യുജിസി നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളുമായി പരീക്ഷ തുടരാനാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

കേന്ദ്രം കൂടുതല്‍ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പിന്നീട്
പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്. സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്

Related Articles

Leave a Reply

Back to top button