Karassery

മഴ തുടങ്ങി; സംസ്ഥാനപാതയിൽ അപകടം പെരുകി

കാരശ്ശേരി : മഴ തുടങ്ങിയതോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അപകടം വർധിച്ചു. ഞായറാഴ്ച ഒരു കാർ നിയന്ത്രണംവിട്ട് തോട്ടിൽ വീണു. മറ്റൊന്ന് പോസ്റ്റിലിടിച്ച് തകർന്നു. രണ്ടിലും ഭാഗ്യംകൊണ്ടുമാത്രം ആളുകൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
നവീകരണപ്രവൃത്തികഴിഞ്ഞ് രണ്ടുവർഷത്തിനിടയിൽ ഒട്ടേറെ ജീവനുകളാണ് മുക്കത്തിനും അരീക്കോടിനുമിടയിൽ ഈ റൂട്ടിൽ അപകടങ്ങളിൽ പൊലിഞ്ഞുപോയത്. പരിക്കേറ്റവരും ഒട്ടേറെ.

ഞായറാഴ്ച വലിയപറമ്പിലും തൊട്ടടുത്ത നെല്ലിക്കാപ്പറമ്പിലുമായാണ് രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടത്. വലിയപറമ്പിൽ നിയന്ത്രണംവിട്ട് തെറിച്ചുപോയ കാർ 12 അടിയോളം ആഴമുള്ള തോട്ടിൽ പതിച്ചു. വീതികുറഞ്ഞ തോട്ടിൽ തോടിന്റെയും റോഡിന്റെയും ഭിത്തിക്കുള്ളിൽ തലകുത്തനെ ജാമായി നിൽക്കുന്ന അവസ്ഥയിലായിരുന്നു കാറുണ്ടായത്. അരീക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറിൽ ഭാര്യയും ഭർത്താവും മകളുമാണുണ്ടായിരുന്നത്. നെല്ലിക്കാപ്പറമ്പിൽ എയർപോർട്ട് റോഡ് ജങ്ഷനിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതപോസ്റ്റിലിടിച്ച് തകർന്നു.

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചശേഷം രണ്ടുവർഷത്തോളമായി വാഹനാപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ചതുപ്പുനിലത്തിലൂടെ ഓടുമ്പോൾ വാഹനങ്ങളുടെ ചക്രങ്ങൾ നീളത്തിൽ കുഴിഞ്ഞ് ചാലുകളുണ്ടാകുംപോലെ സംസ്ഥാനപാതയിൽനീളെ ഒട്ടേറെ ചാലുകളായാണുള്ളത്. ഇതുമൂലം വാഹനങ്ങൾ ലക്ഷ്യംവെക്കുന്ന ഭാഗത്തുനിന്ന് തെന്നിമാറി നിയന്ത്രണംവിട്ടുപോകാറുണ്ട്. കറുത്തപറമ്പിലും മുക്കംടൗണിലും കൂടുതൽ താണ ചാലുകൾ ടാറിട്ട് നികത്തിയിരുന്നു. ഈ ഭാഗം വേറിട്ടുനിൽക്കുന്നതിനാൽ ഗതാഗതം സുഗമമല്ല.ഓടത്തെരുവ് മാടാമ്പുറം വളവിൽ വാഹനങ്ങൾ റോഡിൽ തെന്നി ദിശമാറി മറിഞ്ഞും മറ്റുവാഹനങ്ങളിലിടിച്ചും അപകടങ്ങളുണ്ടാക്കുന്നത് വളരെ വർധിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധവും പരാതിയും ശക്തമായപ്പോൾ റോഡിൽ റമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ചാണ് ഈ ഭാഗത്ത് പ്രശ്നം ഒരുവിധം പരിഹരിച്ചത്.

Related Articles

Leave a Reply

Back to top button