Thiruvambady
കറ്റിയാട് ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം

തിരുവമ്പാടി : നവീകരണപ്രവൃത്തി നടക്കുന്ന തിരുവമ്പാടി-മറിപ്പുഴ റോഡിൽ തിരുവമ്പാടി കറ്റിയാട് ജങ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം. കുഴികൾ നികത്തി റീടാറിങ് നടത്തി. മഴവെള്ളം തളംകെട്ടിക്കിടന്ന റോഡിൽ കാൽനടയാത്രക്കാരും വാഹനങ്ങളും അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ശനിയാഴ്ച ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്ന് അന്നുതന്നെ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി വെള്ളക്കെട്ട് പ്രശ്നത്തിന് അടിയന്തരപരിഹാരം കാണാൻ കരാറുകാരന് നിർദേശം നൽകുകയായിരുന്നു. തകർന്നുകിടക്കുന്ന റോഡിൽ ചെളിവെള്ളം നിറഞ്ഞുനിന്നതിനാൽ കുഴികളുടെ ആഴം തിട്ടമല്ലാതെ വാഹനങ്ങളുടെ അടിഭാഗം റോഡിൽ തട്ടുന്ന നിലയിലായിരുന്നു. ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നതും പതിവുകാഴ്ചയായിരുന്നു.