Thiruvambady

തിരുവമ്പാടിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ്

തിരുവമ്പാടി : തിരുവമ്പാടിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിനും സബ് ട്രഷറിയ്ക്കുംസമീപം കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായിലായിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പണിതിരിക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയായി. വയറിങ്, പെയിന്റിങ് ഉൾപ്പെടെ അവസാനഘട്ട മിനുക്കുപണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഓൺലൈൻ സേവനങ്ങൾകൂടി ഉൾപ്പെടുത്തി ആധുനികസജ്ജീകരണങ്ങളോടു കൂടിയുള്ളതാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. എല്ലാവർക്കും എളുപ്പം കയറിയെത്താനുതകുന്നതരത്തിൽ ഭിന്നശേഷിസൗഹൃദ കെട്ടിടമാണ് പണിതിരിക്കുന്നത്. വർഷകാലത്ത് കക്കുണ്ട് തോട് നിറഞ്ഞുകവിഞ്ഞ്‌ വെള്ളപ്പൊക്കഭീഷണി ഉയർത്തുന്നതിനാൽ കെട്ടിടത്തിന്റെ തറനിരപ്പ് ഉയർത്തിയിട്ടുണ്ട്. 45 ലക്ഷം രൂപ വകയിരുത്തി ആരംഭിച്ച ഓഫീസ് കെട്ടിടത്തിന്റെ നിർമാണച്ചുമതല ഏറ്റെടുത്തത് പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗമാണ്. 2025 നവംബർ അഞ്ചിന് റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായാണ് കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചത്.

റവന്യൂവകുപ്പിന്റെ എല്ലാസേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗംകൂടിയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ. വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കുപോലും വിവിധ പോർട്ടലുകളിലൂടെ എളുപ്പം റവന്യൂ സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കെട്ടിടം പുനർനിർമിക്കേണ്ടിവന്നതിനാൽ ഒരു വർഷമായി ഒരു കിലോമീറ്റർ അകലെ താഴെ തിരുവമ്പാടി കുവൈത്ത്‌ അപ്പാർട്ട്‌മെന്റിലാണ് വില്ലേജ് ഓഫീസ് പ്രവർത്തനം.

Related Articles

Leave a Reply

Back to top button