India

പശ്ചിമബംഗാളില്‍ വന്‍നാശം വിതച്ച് ഉംപുണ്‍; നിരവധി ജില്ലകള്‍ പൂര്‍ണമായും നശിച്ചു, മരണസംഖ്യ 72 ആയി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍നാശം വിതച്ച് അതിതീവ്ര ചുഴലിക്കാറ്റായ ഉംപുണ്‍. ഇതുവരെ 72 പേരാണ് ഇവിടെ മരിച്ചത്. മരം വീണും മതിലിടിഞ്ഞ് വീണും വൈദ്യുതാഘാതമേറ്റുമാണ് അധികപേരും മരിച്ചത്. ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലെ 24 പര്‍ഗനസ് നോര്‍ത്തും സൗത്തും ഉള്‍പ്പടെ നിരവധി ജില്ലകള്‍ പൂര്‍ണമായും നശിച്ചു. ഇവ പുനര്‍നിര്‍മ്മിക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്.

അതേസമയം ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് ബംഗാള്‍ സര്‍ക്കാര്‍ രണ്ടുമുതല്‍ രണ്ടര ലക്ഷംവരെ രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉംപൂണ്‍ ചുഴലിക്കാറ്റില്‍ ദുരിത അനുഭവിക്കുന്ന പശ്ചിമബംഗാളിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അറിയിച്ചു. ഇന്ന് പ്രധാനമന്ത്രി ബംഗാളും ഓഡീഷയും സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം ഇപ്പോള്‍ ബംഗ്ലാദേശിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ബംഗാളില്‍ കുറഞ്ഞതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വൈകാതെ തീവ്രന്യൂനമര്‍ദമായും പിന്നീട് ന്യൂനമര്‍ദമായും ശക്തികുറയുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്.

Related Articles

Leave a Reply

Back to top button