അടിസ്ഥാനസൗകര്യമൊരുക്കാതെ പുതിയ നിയമനംഹരിതകർമസേനാംഗങ്ങൾ പണിമുടക്കി

മുക്കം : മുക്കം നഗരസഭയുടെ എംസിഎഫിൽ അടിസ്ഥാനസൗകര്യമൊരുക്കാതെ കൂടുതൽ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കത്തിനെതിരേ ഹരിതകർമസേനാംഗങ്ങൾ പണിമുടക്കി പ്രതിഷേധിച്ചു. കുറ്റിപ്പാലയിലെ താത്കാലികകെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംസിഎഫിലെ അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിതകർമസേനാംഗങ്ങൾ പണിമുടക്കിയത്.
നഗരസഭാപരിധിയിലെ വിവിധപ്രദേശങ്ങളിൽനിന്ന് മാലിന്യംശേഖരിച്ച് കേന്ദ്രത്തിലെത്തിച്ച് തരംതിരിക്കുന്നതിനായി നിലവിൽ 44 ഹരിതകർമസേനാംഗങ്ങളുണ്ട്. ഇവർക്കുപുറമേ 24 പേരെക്കൂടി പുതുതായി 24 പേരെക്കൂടി നിയമിക്കാനുള്ള നീക്കത്തിനെതിരേയായിരുന്നു പ്രതിഷേധം. ഇത്രയുംപേരെ ഉൾക്കൊള്ളാനുള്ള സൗകര്യം താത്കാലികകെട്ടിടത്തിലില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
എട്ടുവർഷം മുൻപാണ് മുക്കം നഗരസഭയിൽ ഹരിതകർമസേന പ്രവർത്തനമാരംഭിച്ചത്. മാലിന്യസംസ്കരണത്തിന് മെച്ചപ്പെട്ടസൗകര്യത്തോടെയുള്ള കെട്ടിടംവേണമെന്ന് ഒട്ടേറെത്തവണ അധികൃതരോട് ആവശ്യപ്പെട്ടതായി ഹരിതകർമസേനാംഗങ്ങൾ പറയുന്നു. എന്നാൽ, ഒരുനടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടി നടക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണന്നും ഇവർ പറയുന്നു. ഇത്രയുംപേർക്ക് ആകെയുള്ളത് ഒരു ശൗചാലയംമാത്രം. ഭക്ഷണംകഴിക്കാൻ പ്രത്യേകമുറിയില്ലാത്തതിനാൽ മാലിന്യക്കൂമ്പാരത്തിനിടയിൽവെച്ചാണ് ഭക്ഷണംകഴിക്കുന്നത്.
ഹരിതകർമസേനാംഗങ്ങളിൽ ഒട്ടേറെപ്പേർ രോഗികളാണെന്നും ഇതിനിടെയാണ് നഗരസഭ പുതുതായി 24 പേരെക്കൂടി നിയമിക്കുന്നതെന്നും ഇവർ പറയുന്നു.ഒരഴ്ചയ്ക്കകം ചർച്ചനടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് നഗരസഭാസെക്രട്ടറി കൃഷ്ണ ഗോപാൽ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രശ്നത്തിന് പരിഹാരംകണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഹരിതകർമസേനാംഗങ്ങൾ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം മൂന്നുമണിയോടെയാണ് അവസാനിച്ചത്.







