Kozhikode

ആപ്പായി ബവ് ക്യൂ ആപ്പ്

കോഴിക്കോട് ∙ ബവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങാനുള്ള ടോക്കൺ സംഘടിപ്പിക്കാൻ ജനം ഇപ്പോഴും പാടുപെടുകയാണ്. ഇന്നലെ ആപ്പിൽ ടോക്കണിനു അപേക്ഷിച്ച പലർക്കും ‘തൽക്കാലം ലഭ്യമല്ല’ എന്ന മറുപടിയാണ് കിട്ടിയത്. ടോക്കൺ ലഭിച്ചവരിൽ ചിലർക്ക് പൂട്ടിയ ബാറുകളിലേക്കാണ് ടോക്കൺ കിട്ടിയിരിക്കുന്നത്. ഈ ടോക്കൺ ഉപയോഗിച്ച് മറ്റെവിടെ നിന്നും മദ്യം വാങ്ങാനും ആകില്ല. ഇവർക്ക് ഇനി പുതിയ ടോക്കണിനു അപേക്ഷിക്കുകയേ തരമുള്ളൂ. 2 ദിവസത്തെ തുടർച്ചയായ അവധിക്കു ശേഷം ഇന്നു തുറക്കുമ്പോൾ മദ്യവിൽപന കേന്ദ്രങ്ങൾക്കു മുൻപിൽ നല്ല തിരക്കിനും സാധ്യതയുണ്ട്. പകൽ 9 മുതൽ 5 വരെ മാത്രമേ മദ്യം വാങ്ങാനാകൂവെന്നതും പ്രശ്നമാണ്. മദ്യം വാങ്ങാനായി ഒരു ദിവസം അവധി എടുക്കേണ്ട സ്ഥിതിയാണ് പലർക്കും.

4 ബാർ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി

മദ്യം വാങ്ങാനുള്ള ബവ്ക്യൂ ആപ്പിന്റെ ‘കളി’ തുടരുന്നതിനിടയിൽ ജില്ലയിൽ 4 ബാർ ഹോട്ടലുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. ലൈസൻസ് ഫീസ് അടച്ച് ലൈസൻസ് പുതുക്കാതിരുന്നതിനാലാണ് കോഴിക്കോട് റേഞ്ചിൽ ഉൾപ്പെട്ട 3 ബാർ ഹോട്ടലുകളും കുന്നമംഗലം റേഞ്ചിൽ ഒരു ബാർ ഹോട്ടലും എക്സൈസ് പൂട്ടിച്ചത്.കോഴിക്കോട് റേഞ്ചിൽ സീ ക്വീൻ, ക്യൂൻസ്, മരിയ എന്നിവയും കുന്നമംഗലത്തെ മൊനാർഡ് ബാറുമാണ് പൂട്ടിയത്. ഇവയിൽ 2 ബാറുകാർ സാമ്പത്തിക പരാധീനത കാരണം വാർഷിക ലൈസൻസ് ഫീസ് അടയ്ക്കാതിരുന്നതിനാലും 2 എണ്ണം പാർട്നർഷിപ് പുന:സംഘടനയിലെ പ്രശ്നം കാരണം ലൈസൻസിയുടെ കാര്യത്തിൽ തീരുമാനം ആകാതിരുന്നതിനാലുമാണ് പൂട്ടേണ്ടി വന്നത്.

ബാറുകളുടെ ലൈസൻസ് ഫീസ് പുതുക്കേണ്ട അവസാന തീയതി മാർച്ച് 31 ആയിരുന്നു. ലോക് ഡൗൺ കാരണം ഫീസ് അടയ്ക്കാനുള്ള തീയതി സർക്കാർ 2 മാസം നീട്ടിയിരുന്നു. ഈ കാലാവധി മേയ് 31 നു കഴിഞ്ഞിട്ടും ലൈസൻസ് ഫീസ് അടയ്ക്കാതിരുന്ന ബാറുകളാണ് ഇന്നലെ പൂട്ടിച്ചത്. ഇന്നലെ രാവിലെ ഈ ബാറുകളിൽ എത്തിയ എക്സൈസ് സംഘം മദ്യത്തിന്റെയും ബിയർ, വൈൻ എന്നിവയുടെയും സ്റ്റോക്ക് എടുത്ത ശേഷം സ്റ്റോർ മുറികളിലേക്ക് മാറ്റി, പൂട്ടി സീൽ വച്ചു. ഇതോടെ ജില്ലയിൽ മദ്യവും ബീയറും വൈനും വിൽക്കാനുള്ള 5 സെന്ററുകളാണ് ഇല്ലാതായത്. രാമനാട്ടുകരയിലെ കെടിഡിസി ബീയർ – വൈൻ പാർലർ നിൽക്കുന്ന കെട്ടിടം നേരത്തെ ക്വാറന്റീൻ സെന്റർ ആക്കി മാറ്റിയതിനാൽ ഇവിടെ വിൽപന പുന:രാരംഭിച്ചിരുന്നില്ല.

News from Manorma

https://www.manoramaonline.com/district-news/kozhikode/2020/06/02/kozhikode-bevq-app-issues.html

Related Articles

Leave a Reply

Back to top button