വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധം;തെരുവുനായകളെ സംരക്ഷിക്കുന്നവർക്ക് എതിരെ കർശന നടപടി

കോടഞ്ചേരി: നിരന്നപാറ പ്രദേശത്ത് കഴിഞ്ഞദിവസം പേവിഷബാധ സംശയിക്കുന്ന നായയെ ചത്തതയി കണ്ടെത്തിയ സ്ഥലത്തിന് സമീപം മറ്റൊരു നായ കൂടി ചത്തനിലയിൽ കണ്ടെത്തി. നിരന്നപാറ നാല് സെന്റ് ഉന്നതിയിലായിരുന്നു ചത്തനായയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ചത്ത നായ കടിച്ചതാകാമെന്ന സംശയമാണ് ഉയരുന്നത്.
ശനിയാഴ്ച ചത്ത തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ, ഒരു പശു, മൂന്ന് വളർത്തുനായ്ക്കൾ എന്നിവയ്ക്ക് കടിയേറ്റിരുന്നു. കടിയേറ്റ എല്ലാ വളർത്തുമൃഗങ്ങൾക്കും മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബുധനാഴ്ച മുതൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിലെത്തി വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടോ, ലൈസൻസ് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.വളർത്തുനായ്ക്കളെ വീടിന്റെ പരിസരം വിട്ട് പുറത്തുപോകാൻ അനുവദിക്കരുതെന്നും, കൂട്ടിലോ കോമ്പൗണ്ടിനുള്ളിലോ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പഞ്ചായത്ത് നിർദേശം നൽകി. മത്സ്യ-മാംസ വ്യാപാരികൾ മീൻ, ഇറച്ചി വേസ്റ്റുകൾ തെരുവുനായ്ക്കൾക്കു നൽകുന്നത് കർശനമായി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിൽ വേസ്റ്റ് നൽകുന്നതായി പരാതിയുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
.ലൈസൻസ് ഇല്ലാതെ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്കും മത്സ്യമാംസ കടകളിൽ നിന്ന് വേസ്റ്റ് നൽകുന്ന വ്യാപാരികൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അറിയിച്ചു. നിലവിൽ കോടഞ്ചേരി പഞ്ചായത്തിൽ 250-ൽ അധികം നായ്ക്കൾക്ക് മാത്രമാണ് ലൈസൻസ് എടുത്തിട്ടുള്ളത്. എല്ലാ വളർത്തുനായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പും ലൈസൻസും നിർബന്ധമായും എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
നായ ചത്ത പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിൻസന്റ് വടക്കേമുറി, വാർഡ് മെമ്പർമാരായ ജ്യോതി സന്തോഷ്, ബേബി വളയത്തിൽ എന്നിവർ സന്ദർശനം നടത്തി ചത്ത നായയെ ശാസ്ത്രീയമായി സംസ്കരിച്ചു.







