ലഹരിക്കെതിരെ ‘വൺ മില്യൻ ഗോൾ’ പ്രചരണവുമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ

കോടഞ്ചേരി : സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ക്യാമ്പയിന്റെ ഭാഗമായ ‘വൺ മില്യൺ ഗോൾ’ ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് ലഹരിക്കെതിരെയുള്ള ‘തൂഫാൻ’ ഗോൾ പോസ്റ്റിലേക്ക് ഗോളടിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ബൈജു ജോസഫ്,സജി മാത്യു, ലീന സക്കറിയാസ്, സീലിയ തോമസ്, അനു ജോൺ,ആഷ മോഹൻലാൽ, ഷീൻ പി ജേക്കബ് എന്നിവർ പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കുചേർന്നു. തുടർന്ന് വിദ്യാർത്ഥികൾ ഫുട്ബോൾ ടീമുകളായ അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ താരങ്ങളായി മാറി മത്സരം നടത്തി. വിദ്യാർത്ഥികളുടെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ അർജൻറീന വിജയിച്ചു.
ദീർഘനാൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്ന ലഹരിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം യുവതലമുറയെ നശിപ്പിക്കുന്ന കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന മോശം ലഹരികളെ തിരസ്ക്കരിക്കുവാൻ പ്രതിജ്ഞയെടുത്തു. സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.







