നല്ല നാളെക്കായി നല്ല ഭൂമി, ഹരിത ചിന്തകളുമായി എൻ.എസ്.എസ് വളണ്ടിയർമാർ

കൊടിയത്തൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിസൗഹൃദ ജീവിതത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘നല്ല ഭൂമി’ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ പി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ
പരിസ്ഥിതി പ്രവർത്തകനും അധ്യാപകനും നാഷണൽ ഗ്രീൻ കോർപ്സ് മലപ്പുറം ജില്ലാ കോർഡിനേറ്ററുമായ ഹമീദ് അലി വാഴക്കാട് ക്ലാസിന് നേതൃത്വം നൽകി. പ്രകൃതി സംരക്ഷണം, മാലിന്യ നിർമാർജനം, ജലസംരക്ഷണം, ഹരിതശീലങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.
എൻഎസ്എസ് വളണ്ടിയർമാരിൽ പരിസ്ഥിതി സൗഹൃദ മനോഭാവവും പ്രവർത്തനസന്നദ്ധതയും വളർത്തുന്നതിനും പരിപാടി സഹായകമായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം വളണ്ടിയർമാരായ അബ്ദുൽ ഹാദി റെസ്ല, മാസിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.







