എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികൾക്ക് 1,21,000 രൂപ ചികിത്സാ സഹായം നൽകി ആർ.ജെ.ഡി

കൂടരഞ്ഞി : പാർട്ടി പരിപാടിക്കായി സമാഹരിച്ച തുക രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. നവംബർ 14-ന് നടത്താൻ നിശ്ചയിച്ചിരുന്ന ആർ.ജെ.ഡി.
കൂടരഞ്ഞി പഞ്ചായത്ത് സോഷ്യലിസ്റ്റ് കുടുംബസംഗമം മാറ്റിവെച്ചാണ്, പരിപാടിക്കായി പാർട്ടി പഞ്ചായത്ത് കമ്മിറ്റി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സമാഹരിച്ച 1,21,000 രൂപ എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ ഓമശ്ശേരി കല്ലുരുട്ടിയിലെ മൂന്ന് കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് കൈമാറിയത്.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിലെ അശരണർക്കും രോഗബാധിതർക്കും താങ്ങായി നിൽക്കണമെന്ന പാർട്ടിയുടെ നിലപാടിന്റെ ഭാഗമായാണ് കുടുംബസംഗമം മാറ്റിവെച്ച് തുക ചികിത്സാ സഹായത്തിനായി വിനിയോഗിക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
കല്ലുരുട്ടിയിലെ ചികിത്സാ സഹായ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഫാദർ സിബിൻ കിളിയാംപറമ്പിൽ ചികിത്സാ സഹായത്തുക കൈമാറി. ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ, കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജില്ലാ കമ്മിറ്റി അംഗം പി. അബ്ദുറഹ്മാൻ മാസ്റ്റർ, ടാർസൺ ജോസ്, ബേബി മഞ്ചേരിൽ, ഗ്രാമപഞ്ചായത്ത് അംഗം ഷിബ റോയ് നെച്ചിക്കാട്ട് എന്നിവർ സംസാരിച്ചു.







