ഓൺലൈൻ തട്ടിപ്പ്: മാവൂർ സ്വദേശിക്ക് 15.25 ലക്ഷവും യുവതിക്ക് 90,000 രൂപയും നഷ്ടപ്പെട്ടു

മുക്കം: മാവൂരിൽ വ്യത്യസ്ത ഓൺലൈൻ തട്ടിപ്പുകളിലായി സ്വദേശികൾക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി നിക്ഷേപം നടത്തിയ മാവൂർ സ്വദേശിക്ക് 15,25,000 രൂപയും, ‘വർക്ക് ഫ്രം ഹോം’ തട്ടിപ്പിലൂടെ യുവതിക്ക് 90,000 രൂപയുമാണ് നഷ്ടമായത്.
ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി പലതവണയായാണ് മാവൂർ സ്വദേശി പണം നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപിച്ച തുകയുടെ വിഹിതമോ ലാഭമോ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്.
മറ്റൊരു സംഭവത്തിൽ, ‘വർക്ക് ഫ്രം ഹോം’ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴി വിവിധ ടാസ്കുകൾ നൽകിയാണ് യുവതിയെ വലയിലാക്കിയത്. ആപ്പിലൂടെ പല വാഗ്ദാനങ്ങൾ നൽകി വിശ്വസിപ്പിച്ച ശേഷം പല ഘട്ടങ്ങളിലായി പണം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ 90,000 രൂപയാണ് യുവതിയിൽ നിന്നും തട്ടിയെടുത്തത്.
സംഭവത്തിൽ ഇരുവരും ആദ്യം സൈബർ പോലീസിലും തുടർന്ന് മാവൂർ പോലീസിലും പരാതി നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഓൺലൈൻ നിക്ഷേപങ്ങളിലും ജോലി വാഗ്ദാനങ്ങളിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.







