മാമ്പറ്റയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

മുക്കം : മാമ്പറ്റയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബസ് ഡ്രൈവർ ഷാഫി പടനിലം (28), പിക്കപ്പ് വാൻ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ഉജ്ജ്വൽ (28), ബസിലെ യാത്രക്കാരി മാവൂർ സ്വദേശിനി സൗമിനി (61) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവർക്ക് കണ്ണിന് താഴെയാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
മാവൂരിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.
മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് ടയറുമായി പോവുകയായിരുന്നു പിക്കപ്പ് വാൻ. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ബസിന് മുന്നിലെ ഗ്ലാസ് പൂർണമായും നശിച്ചു. വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്ത്.
വിവരമറിഞ്ഞ് അഗ്നിശമന സേന സംഭവ സ്ഥലത്തെത്തും മുൻപേ പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചിട്ടും പോലീസ് സംഭവ സ്ഥലത്തെത്താൻ വൈകിയതായും ആരോപണമുണ്ട്







