അമ്പത് കിലോയോളം ഉണക്കിയ കാട്ട് പോത്തിറച്ചി പിടിച്ചെടുത്തു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വേട്ടപട്ടിയെ തുറന്ന് വിട്ടു

തിരുവമ്പാടി: കാട്ടുപോത്തിനെ വേട്ടയാടുന്നുവെന്ന വിവരത്തിന് പിന്നാലെ അന്വേഷിക്കാനെത്തിയ വനപാലകര്‍ക്ക് നേരെ വേട്ടപട്ടികളെ തുറന്ന് വിട്ട് സംഘം.
താമരശ്ശേരി റെയ്ഞ്ചിലെ പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി പങ്കിടുന്നെന്ന രഹസ്യ വിവരം ലഭിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വേട്ടക്കാര്‍ പട്ടിയെ തുറന്ന് വിട്ടത്.
ഇതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെട്ടു.
പിന്നീട് തിരുവമ്പാടി പൊലീസിന്‍റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ അമ്പത് കിലോയോളം ഉണങ്ങിയ കാട്ട് പോത്തിറച്ചി പിടിച്ചെടുത്തു.
കാക്ക്യാനിയിൽ ജിൽസന്റെ താമസസ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത്.
ഇറച്ചിക്ക് പുറമേ രണ്ടു തോക്കുകൾ, 18 തിരകൾ, അഞ്ച് വെട്ടുകത്തികൾ, മഴു, വടിവാൾ, വെടിക്കോപ്പുകൾ, ഹെഡ്ലൈറ്റ് എന്നിവയും കണ്ടെടുത്തു.
കാക്ക്യാനിയിൽ ജിൽസൻ, പൂവാറംത്തോട് കയ്യാലക്കകത്ത് വിനോജ്, പെരുമ്പൂള ബേബി, പെരുമ്പൂള ജയ്സൺ, പെരുമ്പൂള വിജേഷ്, കണ്ടാൽ അറിയുന്ന ഒരാളുമാണ് വേട്ടനായക്കളെ ഉപയോഗിച്ച് വനം ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വിശദമാക്കി.
താമരശ്ശേരി റേഞ്ച് സെക്ഷൻ ഫോറെസ്റ്റ് ഓഫിസർമാരായ കെ കെ സജീവ് കുമാർ, ബി കെ പ്രവീൺ കുമാർ, കെ പി പ്രശാന്തൻ, ഫോറെസ്റ്റ് ബീറ്റ് ഓഫിസർമാരായ പി വിജയൻ, ശ്വേത പ്രസാദ്, എം എസ് പ്രസൂദ, വാച്ചർമാരായ മോഹനൻ, രാജു, രവി എന്നിവർ പങ്കെടുത്തു.







