കടുത്ത ചൂടിൽ വറ്റി വരണ്ട് ചാലിപ്പുഴ; കുടിവെള്ള ക്ഷാമം രൂക്ഷം

കോടഞ്ചേരി: വേനൽ കടുത്തതോടെ വറ്റി വരണ്ട് കോടഞ്ചേരി പഞ്ചായത്തിലൂടെ ഒഴുകുന്ന ചാലിപ്പുഴ. തുഷാരഗിരി, ചെമ്പുകടവ് മേഖലകളിൽ വെള്ളം ഇല്ലാതെ പുഴ കല്ലിൻകൂട്ടങ്ങളായി മാറിയ അവസ്ഥയാണുള്ളത്. പുഴയോരങ്ങളിൽ കിണറുകളും കുളങ്ങളും വറ്റി തുടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു. തുഷാരിഗിരിയിൽ ചാലിപ്പുഴയോരത്തെ 300 ഏക്കർ വിസ്തൃതിയിലുള്ള വട്ടച്ചിറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണിപ്പോൾ.
കോടഞ്ചേരി പഞ്ചായത്തിലെ കേരള ജല അതോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ ഇരുവഞ്ഞിപ്പുഴയിലെ കണ്ടപ്പൻചാൽ ജലപദ്ധതിയിലും പുല്ലൂരാംപാറ പത്തായപ്പാറ ജലപദ്ധതിയിലും ജല ലഭ്യത കുറഞ്ഞു. കണ്ടപ്പൻചാലിലും പത്തായപ്പാറയിലും ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ താൽക്കാലിക തടയണ നിർമിച്ച് വെള്ളം തടഞ്ഞ് നിർത്തി ജലസംഭരണിയിലക്ക് എത്തിക്കുന്നതിനു ആവശ്യമായ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നുവരുന്നുണ്ട്. വേനൽമഴ ലഭിച്ചില്ലെങ്കിൽ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകും.







