തിരുവമ്പാടി-മറിപ്പുഴ റോഡ്: പ്രവൃത്തി ഇഴയുന്നു

തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴയുന്നതായി ആക്ഷേപം. നിർമാണമാരംഭിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി 2024 മാർച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനംചെയ്തത്. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ കാലാവധി രണ്ടുവർഷമാണ്. ഒന്നരവർഷം പിന്നിട്ടിട്ടിട്ടും വലിയഭാഗം പണികൾ ബാക്കിനിൽക്കുന്നു. റോഡിന്റെ പലഭാഗവും പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ്.
കാളിയാമ്പുഴ പാലം പുനർനിർമാണപ്രവൃത്തികാരണം ഏറെ ചുറ്റിവളഞ്ഞുവേണം ഇരുകരയിലുമുള്ളവർക്ക് യാത്രചെയ്യാൻ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിരംയാത്രക്കാർ വലയുകയാണ്. പുല്ലൂരാംപാറ പള്ളിപ്പടിയ്ക്കും കാളിയാമ്പുഴ പാലത്തിനുമിടയിൽ മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഗതാഗതപ്രശ്നം സൃഷ്ടിക്കുന്നു. നിലവിലെ റോഡിനെക്കാൾ ഉയരത്തിൽ കലുങ്ക്, അഴുക്കുചാൽ നിർമാണം പൂർത്തിയായതോടെ ചെറുമഴപെയ്താൽപ്പോലും വെള്ളം തളംകെട്ടിക്കിടക്കുകയാണ്. അൻപതോളം വീടുണ്ട് ഈഭാഗത്ത്. മഴപെയ്യുന്നതോടെ കാൽനടപോലും അസാധ്യമാണെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് അടിയന്തരനടപടി വേണമെന്ന് പ്രദേശവാസികളുടെ യോഗം ആവശ്യപ്പെട്ടു. കൃഷ്ണൻ ഉണ്ണിയേപ്പള്ളിയിൽ അധ്യക്ഷനായി. ഫിലിപ്പ് ചക്കുംമൂട്ടിൽ, റെസിൻ ഇരുചിറ, തങ്കച്ചൻ ചിരട്ടക്കാവിൽ, ഷാജി നരിക്കുഴിയിൽ, സിറിയക് മണലൊടിയിൽ, അനൂപ് നരിക്കുഴിയിൽ, ആന്റണി കണ്ടെത്തുംതൊടുകയിൽ, സന്ദീപ് തുണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.







