Thiruvambady

കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം എങ്ങുമെത്താത്തത് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയോ?

തിരുവമ്പാടി: പ്രവൃത്തിയാരംഭിച്ച് രണ്ടു വർഷത്തോളമായിട്ടും എങ്ങുമെത്താത്ത കൈതപ്പൊയിൽ – അഗസ്ത്യമുഴി റോഡ് നിർമാണത്തെപ്പറ്റി അഭ്യൂഹങ്ങളും അഴിമതി ആരോപണങ്ങളും ഏറെയാണ്. ഇത്തരത്തിൽ നിർമ്മാണത്തിന് തടസ്സം സൃഷ്ടിക്കുന്നത് സർക്കാർ സ്ഥാപനങ്ങളും അർദ്ധസർക്കാർ സ്ഥാപനങ്ങളും സ്ഥലം വിട്ടു നൽകാത്തതാണ് എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളല്ല മറിച്ച് കരാറുകാരും പി ഡബ്ല്യു ഡി വകുപ്പും തമ്മിലുള്ള ഒത്തുകളി മൂലമാണ് പദ്ധതി എങ്ങുമെത്താത്തതെന്നാണ് തിരുവമ്പാടി ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും, തിരുവമ്പാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ ഉടമസ്ഥതയിലുള്ള സ്ഥലവും റോഡ് നിർമ്മാണ ആവശ്യത്തിനായി വിട്ടുനൽകാൻ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ കരാറുകാരുടെ ആവശ്യപ്രകാരം രേഖാമൂലം സ്ഥലം ഏറ്റെടുത്തു കരാറുകാർക്ക് നൽകേണ്ട പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇത് പൂർത്തിയാക്കാത്തത് പദ്ധതിയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയാണ്.

സ്ഥലം അളന്നു കുറ്റി വെച്ചിട്ട് വർഷങ്ങളായെങ്കിലും സ്ഥലം വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് പി ഡബ്ല്യു ഡി വകുപ്പിൽ നിന്ന് രേഖാമൂലമുള്ള ഒരു അറിയിപ്പും ഈ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഇത് നിർമ്മാണ കമ്പനിക്ക് അനുകൂലമാണെന്നതും വസ്തുതയാണ്.

ഇത്തരത്തിൽ ഏറ്റെടുക്കൽ പൂർത്തിയാക്കുവാൻ സാധിച്ചില്ലെങ്കിൽ നിർമ്മാണക്കമ്പനിയായ നാഥ് കണ്സ്ട്രക്ഷൻസിന് സ്ഥലം ലഭ്യമാകാത്തത് മൂലമാണ് പണി പൂർത്തിയാക്കാൻ കഴിയാത്തത് എന്ന കാരണത്താൽ കാലാവധി നീട്ടി മേടിക്കാൻ സാധിക്കും, ഇത് സർക്കാരിന് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുമെന്നത് മറ്റൊരു വസ്തുതയാണ്.

നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി പൂർത്തീകരിക്കാത്ത നാഥ് കണ്സ്ട്രക്ഷൻസിന് വേണ്ടി ഉദ്യോഗസ്ഥർ കുടപിടിക്കുമ്പോൾ ദുരിതയാത്ര അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ.

Related Articles

Leave a Reply

Back to top button