കണ്ണപ്പൻകുണ്ട് അങ്ങാടിക്ക് സമീപത്തെ സ്ഫോടനം; പൊട്ടിത്തെറിച്ചത് തീവ്രതയേറിയ പടക്കമെന്ന് കണ്ടെത്തൽ

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ആളൊഴിഞ്ഞപറമ്പിലുണ്ടായ സ്ഫോടനം തീവ്രതയേറിയ പടക്കം പൊട്ടിത്തെറിച്ചെന്ന് പരിശോധന നടത്തിയ ബോംബ് സ്ക്വാഡിന്റെയും ഫൊറൻസിക് സംഘത്തിന്റെയും കണ്ടെത്തൽ. ഉത്സവ, പെരുന്നാൾ ആഘോഷ വെടിക്കെട്ടുകൾക്കും മറ്റും ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ അറിയിച്ചു.
മരുന്നുനിറച്ച കാലപ്പഴക്കംചെന്ന കണ്ടെയ്നർ എറിഞ്ഞുപൊട്ടിക്കാവുന്ന തരത്തിലുള്ളതല്ല. സ്ഫോടനം നടന്നതിന്റെ പരിസരത്ത് വെടിക്കെട്ടിന് നിറക്കാഴ്ചയൊരുക്കാൻ ഉപയോഗിക്കുന്നവിധത്തിലുള്ള അലൂമിനിയം പൗഡറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കമുള്ളതിനാൽ ചൂടേൽക്കുമ്പോഴോ ബാഹ്യസമ്മർദത്താലോ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ് കണ്ടെത്തിയ സ്ഫോടകവസ്തു. അതിനാൽത്തന്നെ സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്ന് തീപടർന്നാലോ തേങ്ങ പോലുള്ള വസ്തുക്കൾ വീണാലോ സ്ഫോടനസാധ്യതയുണ്ട്.
അതേസമയം, ഇതെങ്ങനെ ആളൊഴിഞ്ഞപറമ്പിൽ എത്തിയെന്നത് അന്വേഷിക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു കണ്ണപ്പൻകുണ്ട് അങ്ങാടിക്ക് സമീപം കൊടുവള്ളി സ്വദേശി ഉമ്മർഹാജിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.







