കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ നിർമ്മാണം പൂർത്തിയായ കലുങ്കിൽ വിള്ളൽ

തിരുവമ്പാടി: രണ്ടാം ഘട്ട ടാറിങ് പ്രവർത്തി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ മരക്കാട്ടുപുറം കല്പകശ്ശേരി അമ്പലത്തിനു സമീപം നിർമ്മിച്ച കലുങ്കിൽ വിള്ളൽ. വിള്ളലിന് പരിഹാരം കാണാതെ ടാറിങ് പ്രവർത്തി പൂർത്തിയാക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അപകടാവസ്ഥയിലായ കലുങ്ക് പുനർനിർമ്മിക്കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒമ്പതു മാസങ്ങൾക്കുമുമ്പ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അധികാരികളെ അറിയിച്ചപ്പോൾ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇതേതുടർന്ന് റോഡിന്റെ നിർമ്മാണ ചുമതലയുള്ള കെ ആർ എഫ് ബിക്ക് പരാതി നൽകിയെന്നും കലുങ്കിന് മുകളിൽ ടാറിങ് നടത്താനുള്ള കരാർ കമ്പനിയുടെ നീക്കത്തെ നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതായും വരും ദിവസങ്ങളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അതിനു ശേഷം മാത്രം ടാറിങ് പ്രവർത്തികൾ നടത്തിയാൽ മതിയെന്ന ഉറപ്പ് ലഭിച്ചതായും പ്രതിഷേധക്കാർ അറിയിച്ചു.
റോഡ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച സമയത്ത് നിർമ്മിച്ച കലുങ്കിലെ ഈ വിള്ളലുകൾക്ക് പുറമെ മറ്റ് പലയിടങ്ങളിലും വിള്ളലുകളും തകരാറുകളും ഉള്ളതായും പരാതികൾ ഉയരുന്നുണ്ട്.







